23 അടി ഉയരത്തിൽ ആദിപരാശക്തി ; രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം രാജസ്ഥാനിൽ നിന്നും തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം : ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. 23 അടി ഉയരമുള്ള ആദിപരാശക്തി വിഗ്രഹം ആണ് രാജസ്ഥാനിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തുന്നത്. തിരുവനന്തപുരം വെങ്ങാനൂരിൽ സ്ഥിതി ചെയ്യുന്ന  പൗർണമിക്കാവ് എന്ന ബാല ത്രിപുരസുന്ദരി ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനാണ് വിഗ്രഹം തയ്യാറാക്കിയിട്ടുള്ളത്. ആദിപരാശക്തിയെ കൂടാതെ മറ്റു രണ്ടു വിഗ്രഹങ്ങൾ കൂടി രാജസ്ഥാനിൽ നിന്നും ഈ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നുണ്ട്.

രാജസ്ഥാനിലെ ജയ്പൂരിൽ വെച്ച് നിർമ്മാണം പൂർത്തീകരിച്ച വിഗ്രഹങ്ങൾ മൂന്ന് ട്രെയിലറുകളിൽ ആയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. ആദിപരാശക്തി, രാജമാതംഗി, ദുർഗ്ഗാദേവി എന്നീ ദേവി രൂപങ്ങളിൽ ഉള്ള വിഗ്രഹങ്ങളാണ് ബാല ത്രിപുരസുന്ദരി ദേവി ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ജയ്പൂരിൽ നിന്നും ഇന്നലെ പുറപ്പെട്ടിട്ടുള്ള ഈ വിഗ്രഹങ്ങൾ 15 ദിവസത്തെ യാത്രയ്ക്ക് ശേഷം ആയിരിക്കും തിരുവനന്തപുരത്ത് എത്തിച്ചേരുക.

ജയ്പൂരിലെ പ്രമുഖ ശില്പിയായ മുകേഷ് ഭരദ്വാജ് ആണ് പൗർണമിക്കാവിലേക്കുള്ള വിഗ്രഹങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പീഠം അടക്കം 23 അടി ഉയരമാണ് ആദിപരാശക്തി വിഗ്രഹത്തിനുള്ളത്. ദേവി രൂപത്തിനു മാത്രം 18.5 അടി ഉയരം ഉണ്ട്. ഒറ്റക്കല്ലിൽ തീർത്തിട്ടുള്ള ഈ വിഗ്രഹം രണ്ടുവർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

ഭായിൻസ്ലാനയിൽ നിന്നും ലഭിച്ച 50 ടണ്ണോളം ഭാരവും 30 അടി ഉയരവും 20 അടി കനവുമുള്ള ഒറ്റ മാർബിൾ ശിലയിലാണ് ആദിപരാശക്തിയുടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ആറുകോടിയോളം രൂപ ചിലവിലാണ് മൂന്നു വിഗ്രഹങ്ങളും പൂർത്തീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ കാളിമാതാ ക്ഷേത്രത്തിൽ പ്രത്യേകപൂജകൾ നടത്തിയ ശേഷമാണ് വിഗ്രഹങ്ങൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!