കോഴിക്കോട്: എസ്എഫ്‌ഐ പ്രവർത്തകന് അനധികൃതമായി മാർക്ക് കൂട്ടി നൽകി കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ്. പാലക്കാട് ചിറ്റൂർ ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിയായിരുന്ന കെ. ആകാശിനാണ് ചട്ടം ലംഘിച്ച് പുതിയ സിൻഡിക്കേറ്റ് അധിക മാർക്ക് നൽകിയത്. ആകാശിന് ഇന്റേണൽ മാർക് പൂജ്യം ആയിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇത് സിൻഡിക്കേറ്റ് ആറാക്കി ഉയർത്തി നൽകുകയായിരുന്നു.
2016- 19 ബാച്ചിൽ ബിഎസ്‌സി ബോട്ടണി വിദ്യാർത്ഥിയായിരുന്നു ആകാശ്. നാലാം സെമസ്റ്റർ ഫിസിക്കൽ ആന്റ് അപ്ലൈഡ് കെമിസ്ട്രി എന്ന വിഷയത്തിൽ പ്രാക്ടിക്കലിന് പൂജ്യമാണ് ഇന്റേണൽമാർക്കായി ലഭിച്ചത്. ആകാശിന് മിനിമം ഹാജരുണ്ടായിരുന്നില്ല. ഇതിന് പുറമേ ഇയാൾ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരാകുകയും ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് പൂജ്യം മാർക്ക് നൽകിയത്.
എന്നാൽ ഇതിന് പിന്നാലെ ആകാശ് കോളേജിലെ പ്രശ്‌നപരിഹാര സെല്ലിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച കോളേജ് അധികൃതർ മാർക്ക് നൽകണമെന്ന് കാട്ടി സർവ്വകലാശാല സിൻഡിക്കേറ്റിന് അപേക്ഷ നൽകി. എന്നാൽ ഈ അപേക്ഷ സിൻഡിക്കേറ്റ് തള്ളി.
എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ വീണ്ടും ഇതേ ആവശ്യമുന്നയിച്ച് കോളേജ് അധികൃതർ സർവ്വകലാശാലയിലെ പുതിയ സിൻഡിക്കേറ്റിനെ സമീപിച്ചു. ഇതോടെ സിൻഡിക്കേറ്റ് മെമ്പർ ഉൾപ്പെടെ ഇടപെട്ട് ആകാശിന് മാർക്ക് കൂട്ടി നൽകുകയായിരുന്നു.