കാസര്‍കോട് കള്ളവോട്ട്; 92 കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്




കാസര്‍കോട്: കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ കല്യാശേരിയില്‍ കള്ളവോട്ടു ചെയ്തതായി പരാതി. 92 വയസ്സുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തി എന്നാണ് പരാതി. സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

92 വയസ്സുള്ള ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശന്‍ വോട്ടു ചെയ്തുവെന്നാണ് പരാതി. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.

സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നാലു പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നടപടിയെടുത്തു. പോളിങ്ങിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സിപിഎം നേതാവ് വോട്ടു ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യമാണ് പുറത്തു വന്നിട്ടുള്ളത്.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും പൊലീസ് അന്വേഷണത്തിനും കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്‌പെഷല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. കള്ളവോട്ടില്‍ കണ്ണവം പൊലീസ് കേസെടുത്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!