തേക്കടിയിലെ കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു; സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിൽ

ഇടുക്കി: കുമളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. സ്വകാര്യ ബാങ്ക് സെയില്‍സ് മാനേജരും ട്രിച്ചി സ്വദേശിയുമായ ദീപക്ക് മനോഹരൻ ആണ് പിടിയിലായത്. ഫോണ്‍ വാങ്ങാൻ എന്ന വ്യാജേനെയെത്തിയാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഏഴാം തീയതി കുമളി തേക്കടി ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് ദീപക്ക് ഫോണുകള്‍ മോഷ്ടിച്ചത്. സ്വകാര്യ ബാങ്കിലെ സെയില്‍സ് മാനേജരായ ദീപക്ക് മനോഹർ സഹപ്രവർത്തകർക്കൊപ്പാണ് തേക്കടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയത്. കുമളി ടൗണിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഫോണ്‍ വാങ്ങാനെന്ന വ്യാജേന ഇയാള്‍ സ്ഥാപനത്തില്‍ എത്തിയത്. കൗണ്ടറില്‍ ആളില്ലെന്ന് മനസിലായ ദീപക്ക് മേശപ്പുറത്ത് നിന്നും കടയുടമയുടെ ഒന്നര ലക്ഷം രൂപ വില വരുന്ന ഐ ഫോണും മറ്റൊരു ആൻഡ്രോയ്ഡ് ഫോണും മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവം അറിഞ്ഞ കടയുടമ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് മൊബൈല്‍ ടവർ ലൊക്കേഷൻ ശേഖരിച്ചപ്പോഴേക്കും ഇയാള്‍ സിംകാർഡ് ഊരി മാറ്റിയ ശേഷം ഫോണ്‍ ഓഫ് ചെയ്തു. തുടർന്ന് കുമളിയിലെ കടകളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതില്‍ നിന്നും സംഘമെത്തിയ വാഹനത്തെ സംബന്ധിച്ച്‌ സൂചന ലഭിച്ചു.

ഇത് പിന്തുടർന്ന് ട്രാവല്‍ ഏജൻസിയിലും വാഹനം ബുക്ക് ചെയ്ത ആളെയും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ദീപക്ക് പിടിയിലായത്. കുമളിയിലെ മറ്റ് കടകളില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ അടക്കം ചെറിയ ചില സാധനങ്ങളും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ സമാനമായ മറ്റ് കേസുകള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!