ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; സന്ദേശ്ഖലിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊല്‍ക്കത്ത : ബംഗാളിലെ സന്ദേശ്ഖലിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ സിബിഐ അന്വേഷണം നടത്താന്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

പ്രദേശവാസികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങളിലാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.


‘സന്ദേശ്ഖലിയിലെ കാര്യങ്ങളുടെ സങ്കീര്‍ണ്ണത കണക്കിലെടുത്ത്, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന കാര്യത്തില്‍ സംശയമില്ല. ഏത് ഏജന്‍സിയെ ചുമതലപ്പെടുത്തിയാലും സംസ്ഥാനം ശരിയായ പിന്തുണ നല്‍കണം’ ഹൈക്കോടതി പറഞ്ഞു. പീഡനത്തിന് ഇരയായവര്‍ക്കും സാക്ഷികള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാന്‍ പ്രത്യേകസംവിധാനം ഉണ്ടാക്കണമെന്നും അതിന് രഹസ്യസ്വഭാവം വേണമെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സന്ദേശ്ഖലിയിലേക്ക് റെയ്ഡ് ചെയ്യാന്‍ പോയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ജനുവരി 5 നാണ് ആക്രമണമുണ്ടായത്. തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ അനുയായികള്‍ നടത്തിയ ആക്രമണങ്ങളില്‍ സിബിഐ ഇതിനകം തന്നെ അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്ന് ഫെബ്രുവരി 5 ന്, ഗ്രാമത്തിലെ പ്രാദേശിക സ്ത്രീകള്‍, ഷെയ്ഖിനെയും അദ്ദേഹത്തിന്റെ സഹായികളെയും ലൈംഗികമായി ദുരുപയോഗം ചെയ്തതിനും ഉപദ്രവിച്ചതിനും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തങ്ങളുടെ ഭൂമി ബലമായി തട്ടിയെടുത്തതായും ഗ്രാമവാസികള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!