പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ എസ്ഡിപിഐയുടെ ‘കൈ’ സഹായം പുറത്ത്.
വോട്ടർമാർക്ക് നന്ദി പറഞ്ഞ് ആദ്യമെത്തിയത് എസ്ഡിപിഐ ജില്ലാ നേതൃത്വമാണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ക്കായി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ഖുർആനില്‍ തൊട്ട് സത്യം ചെയ്യിപ്പിച്ചുവെന്ന് ഉള്‍പ്പെടെയുളള ആരോപണം നിലനില്‍ക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചും വോട്ടർമാർക്ക് നന്ദി പറഞ്ഞും എസ്ഡിപിഐ രംഗത്തെത്തിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വോട്ടർമാരെ അഭിനന്ദിച്ച് എസ്ഡിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയത്. എസ്ഡിപിഐ നിലപാടിനെ പിന്തുണച്ച് വോട്ടവകാശം വിനിയോഗിച്ച വോട്ടർമാർക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീർ ചാലിപ്പുറത്തിന്റെ പേരിലിറങ്ങിയ സോഷ്യല്‍ മീഡിയ കാർഡിലെ വരികള്‍. എസ്ഡിപിഐയുടെ പാലക്കാട് ജില്ലാ ഘടകത്തിന്റെ പേജിലായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പാലക്കാട് വിക്ടോറിയ കോളേജിന് മുൻപില്‍ നടന്ന കോണ്‍ഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തില്‍ എസ്ഡിപിഐ പതാകയുമായി പാർട്ടി പ്രവർത്തകരും പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ആദ്യം തന്നെ എസ്ഡിപിഐ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരസ്യമായി ഇത് സ്വീകരിക്കാൻ യുഡിഎഫ് നേതൃത്വമോ കോണ്‍ഗ്രസോ തയ്യാറായിരുന്നില്ല. പ്രചാരണ ഘട്ടത്തില്‍ ബിജെപി അടക്കമുളള പാർട്ടികള്‍ പലപ്പോഴും ഇത് ഉന്നയിച്ചെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി മൗനം പാലിക്കുകയായി രുന്നു കോണ്‍ഗ്രസ് നേതൃത്വം.
പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐ വോട്ടുകള്‍ ഉറപ്പിക്കാൻ ശ്രമം നടന്നുവെന്നും വിശുദ്ധ ഖുർആനില്‍ കൈ വെച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യുമെന്ന് സത്യം ചെയ്യിച്ചുവെന്നും തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചിരുന്നു. ഇതിനെ ശരിവെക്കുന്ന താണ് എസ്ഡിപിഐയുടെ പ്രതികരണങ്ങള്‍.
പാലക്കാട് എസ്ഡിപിഐയുടെ ‘കൈ’ സഹായം പുറത്ത്; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് എസ്ഡിപിഐ ജില്ലാ നേതൃത്വം
