എറണാകുളം : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിലാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്. മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തെ ക്കുറിച്ച് തോമസ് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്ന തായും ഇ ഡി കോടതിയെ അറിയിച്ചു.
ഹൈക്കോടതിയിൽ തോമസ് ഐസക്ക് നൽകിയ ഹർജി പരിഗണിക്കുമ്പോൾ ആയിരുന്നു ഇ ഡിയുടെ ഈ പരാമർശം. എന്തിനാണ് തോമസ് ഐസക്കിന് തുടർച്ചയായി കമന്റുകൾ അയക്കുന്നത് എന്ന കോടതിയുടെ ചോദ്യത്തിനാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ അറിവോടെയായിരുന്നു നിയമലംഘനം നടന്നതെന്ന് സംശയിക്കുന്നതായി ഇ ഡി അറിയിച്ചത്.
ഇ ഡി തുടർച്ചയായി സമൻസ് അയക്കുന്നത് ആയും ഏതു കാരണത്താലാണ് തനിക്ക് സമൻസ് അയക്കുന്നത് എന്ന കാര്യം ഇഡി വ്യക്തമാക്കിയിട്ടില്ലെന്നും ആയിരുന്നു തോമസ് ഐസക്ക് നൽകിയ ഹർജിയിൽ സൂചിപ്പിച്ചിരുന്നത്. 2021ൽ മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം കിഫ്‌ബിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും തനിക്ക് അറിയില്ല. അതിനു മുൻപുള്ള എല്ലാ കാര്യങ്ങളുടെയും രേഖകൾ ഇ ഡിക്ക് സമർപ്പിച്ചിട്ടുണ്ട് എന്നും തോമസ് ഐസക്ക് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സൂചിപ്പിച്ചിരുന്നു.