മലപ്പുറം: സഹകരണ ബാങ്കിന്റെ സർവർ ഹാക്ക് ചെയ്ത് പണം തട്ടാനായി നൈജീരിയൻ സ്വദേശികളെ സഹായിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കല്ലാകുറിച്ചിയിലെ ശങ്കരപുരത്ത് താമസിക്കുന്ന വിമല (44) ആണ് അറസ്റ്റിലായത്. മഞ്ചേരി സഹകരണ ബാങ്കിന്റെ സർവർ ഹാക്ക് ചെയ്താണ് പണം അപഹരിച്ചത്. നൈജീരിയൻ സ്വദേശികളായ പ്രതികൾക്ക് ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ, എന്നിവ നൽകി സഹായിച്ചത് വിമലയാണ്.
2022ലാണ് കേസിനാസ്പദമായ സംഭവം. 70 ലക്ഷം രൂപയാണ് ഇവർ ബാങ്കിൽ നിന്നും അപഹരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ െൈനജീരിയൻ സ്വദേശികൾ അറസ്റ്റിലായിരുന്നു. ബാങ്കിന്റെ വിവിധ ബ്രാഞ്ചിലുള്ള അക്കൗണ്ട് ഉടമകളുടെ വിവരങ്ങളിലൈ ഫോൺ നമ്പറുകൾ മാറ്റി നൽകി, പിന്നീട് മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വഴിയാണ് പണം തട്ടിയിരുന്നത്. ഈ പണം പിന്നീട് മറ്റ് സ്ഥാപനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് ഇവരുടെ രീതി.
മലപ്പുറം സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മലപ്പുറം ഡിവൈഎസ്പി ടി മനോജ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്‌ഐമാരായ അബ്ദുൽ ലത്തീഫ്, നജ്മുദീൻ, എഎസ്‌ഐ റിയാസ് ബാബു, സിപിഒമാരായ ധനൂപ്, രാജരത്നം, ദിൽഷ, സിനിമോൾ എന്നീവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.