​ഗ്യാസിന് 500 രൂപ, പെട്രോളിന് 75 രൂപ, ദേശീയപാത ടോൾ ഒഴിവാക്കും; വൻ വാ​ഗ്ദാനവുമായി ഡിഎംകെ

 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുന്ന പ്രകടന പത്രിക ഡിഎംകെ പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടന പത്രിക പ്രകാശനം ചെയ്തത്. എൽപിജി സിലിണ്ടറിന് 500 രൂപയാക്കുമെന്നും പെട്രോളിന്റെ വില 75 രൂപയായി കുറയ്ക്കുമെന്നും ദേശീയ വിദ്യാഭ്യാസ നയവും നീറ്റ് പരീക്ഷയും തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്നും ഉള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി സ്റ്റാൻലിന്റെ സഹോദരിയും ലോക്സഭാ എംപിയുമായ കനിമൊഴിയുടെ നേതൃത്വത്തിലാണ് ഡിഎംകെയുടെ പ്രകടന പത്രിക തയ്യാറാക്കിയത്. ദ്രാവിഡ ആശയങ്ങൾ സ്വാംശീകരിച്ച പ്രകടന പത്രികയാണിത്. ദ്രാവിഡ ആശയങ്ങൾ ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കാൻ ഈ പ്രകടന പത്രിക നമ്മളെ സഹായിക്കുമെന്നും കനിമൊഴി പറഞ്ഞു. ഇതിനോടൊപ്പം ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്ന 21 സ്ഥാനാർഥികളുടെ പട്ടികയും ഡിഎംകെ അവതരിപ്പിച്ചു.

പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനങ്ങൾ

  • പൗരത്വ ഭേദഗതി നിയമം (സിഎഎ), ഏകീകൃത സിവിൽ കോഡ് (യുസിസി) തുടങ്ങിയ നിയമങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ല.
  • എൽപിജി സിലിണ്ടറിന്റെ വില 500 രൂപയാക്കും.
  • ഒരു ലിറ്റർ പെട്രോളിന് 75 രൂപയും ഡീസലിന് 65 രൂപയും വീതമാക്കും.
  • ദേശീയ വിദ്യാഭ്യാസ നയവും നീറ്റ് (NEET) പരീക്ഷയും തമിഴ്നാട്ടിൽ നടപ്പാക്കില്ല.
  • ഗവർണറുടെ ഓഫീസ് നിർത്തലാക്കണം, അതുവരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചിട്ടു വേണം ഒരു ഗവർണറെ നിയമിക്കേണ്ടത്.
  • തിരുക്കുറൾ ദേശീയ ഗ്രന്ഥമാക്കും.
  • പാർലമെന്റിലും നിയമസഭയിലും 33 ശതമാനം സ്ത്രീ സംവരണം വേഗത്തിൽ നടപ്പാക്കും.
  • കേന്ദ്ര സർക്കാരിലേക്കുള്ള നിയമനങ്ങൾക്ക് നടത്തുന്ന പൊതുപരീക്ഷകൾ തമിഴ് ഭാഷയിലും നടത്തും.
  • റെയിൽവേ വകുപ്പിന് വേണ്ടി പ്രത്യേക സാമ്പത്തിക കണക്കുകൾ.
  • ഇന്ത്യയിലേക്ക് തിരിച്ചുവന്ന ശ്രീലങ്കൻ തമിഴ‌ർക്ക് ഇന്ത്യൻ പൗരത്വം നൽകും.
  • സംസ്ഥാനത്ത് വീണ്ടും ഭരണത്തിലേറിയാൽ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം നൽകും.
  • ദേശീയപാതയിലെ ടോൾ ഒഴിവാക്കും.സുപ്രീം കോടതിയുടെ ബെഞ്ച് ചെന്നൈയിൽ സ്ഥാപിക്കും.
  • പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവി നൽകും.
  • കോൺഗ്രസും ഇടതു പാർട്ടികളും മുസ്ലീം ലീഗും വിടുതലൈ സിർത്തൈകൾ കക്ഷിയും (വിസികെ) ഉൾപ്പെടെ ഡിഎംകെ മുന്നണിയായാണ് മത്സരിക്കുന്നത്. ഡിഎംകെ മുന്നണിയിലെ സീറ്റ് ധാരണ പ്രകാരം ഡിഎംകെ 21 സീറ്റീലും കെഡിഎംകെ ഒരു സീറ്റിലും (ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കും) കോൺഗ്രസ് ഒൻപത് സീറ്റിലും സിപിഎം രണ്ട് സീറ്റിലും സിപിഐ രണ്ട് സീറ്റിലും വിസികെ രണ്ട് സീറ്റിലും മുസ്ലീം ലീഗും എംഡിഎംകെ ഒരോ സീറ്റിലും വീതം മത്സരിക്കും.
  • ഡിഎംകെയുടെ 21 സ്ഥാനാർഥികളിൽ 11 പേർ പുതുമുഖങ്ങളാണ്. വനിതാ സ്ഥാനാര്‍ഥികള്‍ മൂന്നു പേരേയുള്ളു. മുതിർന്ന ഡിഎംകെ നേതാക്കളായ ദയാനിധി മാരൻ ചെന്നൈ സെൻട്രലിൽ നിന്നും ടിആർ ബാലു ശ്രീപെരുംപുതൂരിൽ നിന്നും മുഖ്യമന്ത്രി സ്റ്റാൻലിന്റെ സഹോദരി കനിമൊഴി തൂത്തുകുടിയിൽ നിന്നും എ രാജ നീലഗിരിയിൽ നിന്നു വീണ്ടും ജനവിധി തേടും. ദിണ്ടിഗൽ, മധുര തുടങ്ങിയ മണ്ഡ‍ലങ്ങളിൽ നിന്നാണ് സിപിഎം മത്സരിക്കുന്നത്. 2019ൽ തമിഴ്നാട്ടിലെ 39 സീറ്റുകളിൽ 38-ലും ഡിഎംകെ സഖ്യം വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!