ചങ്ങനാശ്ശേരി : പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സൊസൈറ്റി ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ മുന്‍ ബാങ്ക് സെക്രട്ടറിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പായിപ്പാട് കളത്തില്‍ കെ.എന്‍.ബിന്ദുമോള്‍ (54) ആണ് അറസ്റ്റിലായത്.
ബാങ്കില്‍ പണയം വച്ചിരുന്നതും ചിട്ടിക്ക് ഈടുവച്ചതുമായ സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വച്ച് പണം സമ്പാദിക്കുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. വിവിധ നിക്ഷേപകരുടെ സ്ഥിര നിക്ഷേപമായിരുന്ന 2 കോടിയോളം രൂപയില്‍ തിരിമറി നടത്തിയെന്നും കണ്ടെത്തി.
ബിന്ദുമോള്‍ കേസില്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളിയിരുന്നു. ബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് ഇ.പി.രാഘവന്‍പിള്ളയെയും മുന്‍ ജീവനക്കാരന്‍ എം.ഗോപാലകൃഷ്ണപിള്ളയെയും തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബിന്ദുമോള്‍ ഒളിവില്‍ പോയത്. അതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണത്തിനിടയില്‍ ബാങ്കില്‍ ബിന്ദുമോള്‍ എത്തിയത് വിവാദമായി. നിക്ഷേപകര്‍ ബാങ്കിനു പുറത്ത് സംഘടിക്കുന്നത് കണ്ട് രക്ഷപ്പെടുകയായിരുന്നു. ബിന്ദുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.