കണ്ണൂര്‍: കണ്ണൂല്‍ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്‍. കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സന്‍ മമ്പറം ദിവാകരനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. പാര്‍ട്ടിയില്‍ ഉടന്‍ തിരിച്ചെടുക്കുമെന്ന് ഹസ്സന്‍ ദിവാകരന് ഉറപ്പു നല്‍കി.
രണ്ടര വര്‍ഷം മുമ്പാണ് മമ്പറം ദിവാകരനെ അച്ചടക്ക ലംഘനം ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ദിവാകരനെ പുറത്താക്കിയത്. പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. വിചാരണ സദസ് ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളില്‍ സഹകരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസില്‍ തിരിച്ചെടുത്തില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് കെ സുധാകരനെതിരെ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍ പ്രസ്താവിച്ചത്. ഇന്നലെ രാത്രി എം എം ഹസ്സനും കണ്ണൂരിന്റെ ചുമതലയുള്ള കെപിസിസി സെക്രട്ടറി പി എം നിയാസും മമ്പറം ദിവാകരനുമായി ഫോണില്‍ ചര്‍ച്ച നടത്തി.
പുറത്താക്കുന്ന സമയത്ത് കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു മമ്പറം ദിവാകരന്‍. ആ പദവി ഉള്‍പ്പെടെ തിരിച്ചു നല്‍കുന്നതില്‍ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മമ്പറം ദിവാകരന് ഉറപ്പു നല്‍കിയിട്ടുണ്ട്.
‘കോൺഗ്രസിൽ തിരിച്ചെടുക്കും’; കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്
