കോഴിക്കോട് : ആദായ നികുതി ഉദ്യോഗസ്ഥൻ ചമഞ്ഞു സ്വകാര്യ ഹോട്ടലിൽ കയറി പണം തട്ടാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ. മലാപ്പറമ്പ് പാച്ചാക്ക് മുള്ളൻ കുഴിയിൽ ഇ.സുനി(55)യെ ആണ് നടക്കാവ് ഇൻസ്പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിൽ പൊലീസ് പാളയത്തെ ലോഡ്ജിൽ നിന്നു പിടികൂടിയത്.
കഴിഞ്ഞ ദിവസം മാവൂർ റോഡിൽ കെഎസ്ആർടിസി ടെർമിനലിനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ എത്തി ട്രസ്റ്റിന്റെ പേരിലാണു വൻ തുക ആവശ്യപ്പെട്ടത്. സംശയം തോന്നി ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടയിൽ ഇയാൾ ഓടി. സിസിടിവി പരിശോധിച്ചാണു പ്രതി പാളയത്തെ ലോഡ്ജിൽ താമസിക്കുന്ന വിവരം ലഭിച്ചത്. തുടർന്നു പിടികൂടുകയായിരുന്നു.
ഇയാൾ വിവിധ ലോഡ്ജുകളിൽ താമസിച്ചു പണം നൽകാതെ മുങ്ങിയ പ്രതിയാണെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായി.
കസബ, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ തട്ടിപ്പു നടത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നടക്കാവ് എസ്ഐമാരായ ബിനു മോഹൻ, എം.ശശികുമാർ, എം.വി.ശ്രീകാന്ത്, എ.വി.രശ്മി, ജുനൈസ്, അജീഷ് പിലാശ്ശേരി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
