ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഐഇഡി ശേഖരം പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിലെ ദാരാ സംഗ്ല മേഖലയിൽ ആയിരുന്നു സംഭവം.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ പരിശോധന നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെയാണ് കുറ്റിക്കാടിന് സമീപമായി ഭീകരരുടെ ഒളിത്താവളം കണ്ടത്.
ഇവിടെ നിന്നും ഐഇഡിയ്ക്ക് പുറമേ മറ്റ് ആയുധങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തു. ഇത് സുരക്ഷാ സേന വിശദമായി പരിശോധിച്ചുവരികയാണ്. ഏഴ് ഐഇഡികളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉണ്ടായിരുന്നു.
ഭീകരർ ഉപയോഗിച്ചിരുന്ന പുതപ്പും മറ്റ് സാധനങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സുരക്ഷാ സേന നശിപ്പിച്ചു. താവളം കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്ത് വിശദമായ പരിശോധന സുരക്ഷാ സേന തുടരുകയാണ്. സംഭവത്തിൽ സുരക്ഷാ സേന കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.