‘മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി’; പാകിസ്ഥാനില്‍ 22കാരന് വധശിക്ഷ

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് 22കാരനെ വധശിക്ഷയ്ക്ക് വിധിച്ച് പാകിസ്ഥാന്‍ കോടതി.പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകള്‍ അടങ്ങിയ ഫോട്ടോകളും വീഡിയോകളും വിദ്യാര്‍ഥി വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പഞ്ചാബ് പ്രവിശ്യ കോടതിയാണ് ശിക്ഷ വിധിച്ചത്. 17കാരനായ മറ്റൊരു വിദ്യാര്‍ഥിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ മതനിന്ദ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

2022-ല്‍ ലാഹോറിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് വ്യത്യസ്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകള്‍ അടങ്ങിയ ഫോട്ടോകളും വീഡിയോകളും ലഭിച്ചു എന്ന പരാതിയിലാണ് നടപടി. ഫോണ്‍ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വ്യക്തമാക്കി.

ഇരുവരെയും കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് അഭിഭാഷകര്‍ പറയുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ പിതാവ് ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!