മമ്മൂട്ടി റോളുകള്‍ കാണാപാഠം,ഫസ്റ്റ് ഷോയ്ക്ക് എത്തും, ഉറക്കം പോസ്റ്ററുകള്‍ക്ക് നാടുവില്‍;അമ്മാളു അമ്മ പൊളിയാ..

 മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സീമ ജി നായര്‍. കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി ലൈം ലൈറ്റില്‍ നിലനില്‍ക്കുന്ന നടി, മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണെന്ന് ഏവര്‍ക്കും അറിയാം. സീമ നടത്തുന്ന നന്മ പ്രവര്‍ത്തികളെ എന്നും നിറഞ്ഞ മനസോടെയാണ് മലയാളികള്‍ ഏറ്റെടുക്കാറുള്ളതും. അത്തരത്തിലൊന്നായിരുന്നു അമ്മാളു അമ്മ എന്ന ആരാധികയെ മമ്മൂട്ടിയുടെ മുന്നില്‍ എത്തിച്ചത്. ഇതിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ഈ അവസരത്തില്‍ അമ്മാളു അമ്മയാണ് യഥാര്‍ത്ഥ മമ്മൂക്ക ഫാന്‍ എന്ന് പറയുകയാണ് സീമ. 

“ഈ നല്ല ദിവസത്തിൽ ഒരുപാട് സന്തോഷത്തോടെ ഈ നല്ല ഫോട്ടോ നിങ്ങൾക്കായി തരുന്നു.പറവൂരെ അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷം. രണ്ടുമൂന്നു വർഷത്തിലേറെയായി അമ്മയുടെ ഈ ആഗ്രഹം സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ടായിരുന്നു.യാദൃച്ഛികമായി പറവൂർ നിന്ന് രാധിക അമ്മയുടെ ഈ ആഗ്രഹം പറഞ്ഞു എന്നെ കോൺടാക്ട് ചെയ്തു. കുറച്ചു ലിങ്കും അയച്ചു തന്നു. ഞാൻ പിഷാരടിയോടു ഈ കാര്യം പറഞ്ഞു. അമ്മയുടെആഗ്രഹം സാധിക്കാനായി അങ്ങനെ വഴി തെളിഞ്ഞു. സത്യം പറയട്ടെ അദ്ദേഹത്തോട് നമുക്കുള്ള ആരാധന ഒന്നുമല്ലെന്ന് അമ്മാളു അമ്മയുടെ ആരാധന കണ്ടപ്പോളാണ് മനസിലായത്. മമ്മൂക്കയുടെ ഓരോ റോളും അമ്മക്ക് കാണാപ്പാഠമാണ്. മമ്മൂക്കയുടെ ഏതു പടം വന്നാലും ഫസ്റ്റ് ഷോ കാണാൻ ‘അമ്മ ഉണ്ടാവും. തീയറ്ററുകളിൽ ഒട്ടിക്കുന്ന പോസ്റ്ററുകളുടെ നാടുവിലാണുറക്കം. ആ അമ്മയുടെ മനസ്സ് നിറഞ്ഞു മമ്മൂക്ക യാത്ര ആക്കുമ്പോൾ ഒറ്റ ആഗ്രഹം ആണ് അമ്മക്കുണ്ടായിരുന്നത്. ഇനി കുറെ അമ്പലങ്ങളിൽ നേർച്ചയുണ്ട്. മമ്മൂക്കയെ കണ്ടതിനു ശേഷം പോകാനുള്ളതാണ് എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ ഒരായിരം നക്ഷത്രങ്ങളുടെ തിളക്കം ഉണ്ടായിരുന്നു. കാരണം മമ്മൂക്കയെ ഒരു നോക്ക് കാണാൻ ഉള്ള നേർച്ചയായിരുന്നു അത്”, എന്നാണ് അമ്മാളു അമ്മയെ കുറിച്ച് സീമ ജി നായര്‍ പറഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!