കൊച്ചി : അമ്മയെ ഷോറൂമിൽ നിർത്തി ബൈക്ക് ടെസ്റ്റ് ഡ്രൈവിനു പോകവെ യുവാവ് അപകടത്തിൽ മരിച്ചു.
കൊച്ചി വരാപ്പുഴയിലാണ് ദാരുണ സംഭവമുണ്ടായത്. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ കാശിനാഥ് ദുരൈയുടെ മകൻ നിധിൻ നാഥൻ (23) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ അമ്മ ഷൈനിയെ ബൈക്ക് ഷോറൂമിൽ നിർത്തിയ ശേഷം നിധിൻ ഷോറൂം അധികൃതർ നൽകിയ ബൈക്കുമായി ടെസ്റ്റ് ഡ്രൈവിനായി പോകുമ്പോഴാണ് കടവന്ത്ര എളംകുളത്ത് വച്ച് അപകടമുണ്ടായത്.
എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ചു മിനിറ്റിലേറെ നേരം റോഡിൽ കിടന്ന നിധിൻ നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ നിധിൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.
കളമശ്ശേരി സ്‌കോഡ ഷോറൂമിൽ മെക്കാനിക്കാണ് നിധിൻ നാഥൻ.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നിഖിന സഹോദരിയാണ്.
അമ്മയെ ഷോറൂമിൽ നിർത്തി ബൈക്ക് ടെസ്റ്റ് ഡ്രൈവിനു പോകവെ യുവാവിന് ദാരുണാന്ത്യം
