അമ്മയോടു പിണങ്ങി, 11 കാരി വീടു വിട്ടിറങ്ങി; ഒടുവിൽ…

കോട്ടയം: അമ്മയോടു പിണങ്ങി വീടു വിട്ടു പോയ 11കാരിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചു പൊലീസുകാർ. അതിരമ്പുഴയിലാണ് സംഭവം. അമ്മയോടു പിണങ്ങി അച്ഛൻ ജോലി ചെയ്യുന്ന അങ്കമാലിക്ക് പോകാനായാണ് കുട്ടി വീടു വിട്ടത്.

പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കാനായി ഇവരുടെ വീട്ടിൽ മുൻപ് പൊലീസ് എത്തിയപ്പോൾ കുട്ടിയുടെ അമ്മ അതിലൊരു പൊലീസുകാരന്‍റെ ഫോൺ നമ്പർ വാങ്ങി വച്ചിരുന്നു. ഇതാണ് നിർണായക ഘട്ടത്തിൽ കുട്ടിയെ കണ്ടെത്താൻ തുണച്ചത്.

കുട്ടിയെ കാണാതായതോടെ ഈ നമ്പരിലേക്ക് അമ്മ വിളിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷനിലെ വിവി ബാലഗോപാൽ, അജിത്ത് എം വിജയൻ എന്നീ പൊലീസുകാരാണ് കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയത്. ബാലഗോപാലിന്‍റെ നമ്പറിലേക്കാണ് അമ്മ വിളിച്ചത്.

ഫോൺ വിളി വരുമ്പോൾ പേരൂർ ഭാഗത്ത് വാറണ്ട് പ്രതികൾക്കായി പൊലീസുകാർ അന്വേഷണം നടത്തുകയായിരുന്നു. ബാലഗോപാലും അജിത്തും അതിരമ്പുഴ ഭാഗത്തേക്ക് അന്വേഷണത്തിനായി വരും വഴി കുരിശുപള്ളി കവലയിലാണ് കുഞ്ഞിനെ കണ്ടത്. ഒരു മിനിറ്റ് താമസിച്ചിരുന്നെങ്കിൽ കുട്ടി റോഡ് മുറിച്ചു കടന്ന് ഏതെങ്കിലും ബസിൽ കയറി പോകുമായിരുന്നുവെന്നു പൊലീസുകാർ പറയുന്നു.

കുട്ടിയെ കണ്ടതും ഇരുവരും ഓടിയെത്തി കുഞ്ഞിനെ ചേർത്തുപിടിക്കുകയായിരുന്നു. കുട്ടിയെ തിരയാൻ അഭ്യർഥിച്ചു സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കുട്ടികളെ തട്ടിയെടുക്കുന്ന സംഘം ഏറ്റുമാനൂർ ഭാഗത്തു കറങ്ങുന്നതായുള്ള പ്രചാരണം ആശങ്കയ്ക്ക് ഇടയാക്കി. അതിനിടെയാണ് പൊലീസുകാർ കുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!