കൊച്ചി : സ്വയംപ്രഖ്യാപിത ആള്‍ ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു.
ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദ നായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു.
കട്ടപ്പന സ്വദേശിയായ സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവമായി മാറിയത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഇയാള്‍, പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് പല ജോലികള്‍ക്ക് ശേഷമാണ് ആള്‍ദൈവമായി സ്വയം അവരോധിതനാകുന്നത്.
2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാള്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്.
പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് കൂടുതല്‍ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറത്തറിയുന്നത്.