ഈരാറ്റുപേട്ട : പ്രഗത്ഭനായ നേതാവ് എ.കെ. ആന്റണിയുടെ പുത്രന്‍ അനില്‍ ആന്റണിയുടെ വിജയം സുനിശ്ചിതമാണെന്നും അനിലിന്റെ വിജയത്തിനായി താനും പ്രവര്‍ത്തകരും കൈയും മെയ്യും മറന്ന് പ്രവര്‍ത്തിക്കുമെന്നും പി.സി. ജോര്‍ജ്.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി, പൂഞ്ഞാറിലെത്തി പി.സി. ജോര്‍ജിനെ സന്ദര്‍ശിച്ചപ്പോളാണ് ഇങ്ങനെ പറഞ്ഞത്.
വസതിയില്‍ എത്തിയ അനില്‍ ആന്റണിയെ മധുരം നല്കി സ്വീകരിച്ചു.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രചാരണത്തിന്റെ തുടക്കം കേരളത്തിലെ ഏറ്റവും ശക്തനായ നേതാവ് പി.സി. ജോര്‍ജ്ജിനെ കണ്ട് അനുഗ്രഹം വാങ്ങി തുടക്കം കുറിച്ചത് അഭിമാനകരമെന്ന് അനില്‍ ആന്റണി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കും. കേരളത്തില്‍ നിന്ന് ആദ്യമായി എംപിമാര്‍ എന്‍ഡിഎക്ക് ലഭിക്കും. 370 ലധികം സീറ്റുകളില്‍ ബിജെപി വിജയിക്കും. ലോക നേതാവായ നരേന്ദ്രമോദി മൂന്നാമത് അധികാരത്തില്‍ വരുന്നത് ചരിത്ര ഭൂരിപക്ഷത്തോടെ ആയിരിക്കും. രാജ്യത്ത് വലിയ വികസനം നടക്കുമ്പോള്‍ കേരളം പിന്നോട്ട് പോകുന്നത് മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫും, യുഡിഎഫും ഉത്തരവാദികളാണ്- അനില്‍ ആന്റണി പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന്‍, വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി, ജില്ലാ പ്രസിഡന്റ് എന്‍. ലിജിന്‍ ലാല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, നേതാക്കളായ മിനര്‍വ്വ മോഹന്‍, അഡ്വ. പി. രാജേഷ്‌കുമാര്‍, സെബി പറമുണ്ട, കെ.എഫ്. കുര്യന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
