എരുമേലി മഹല്ല് ചീഫ് ഇമാം അൽഹാജ് ടി.എസ്. അബ്ദുൽ കരീം മൗലവി എം.എഫ്.ബി അന്തരിച്ചു

എരുമേലി: എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്തിന്റെ ചീഫ് ഇമാമും താഴത്തു വീട്ടിൽ അംഗവുമായ അൽഹാജ് ടി.എസ്. അബ്ദുൽ കരീം മൗലവി എം.എഫ്.ബി അന്തരിച്ചു. 103 വയസായിരുന്നു.

ഖബറടക്കം ഇന്ന് 5 ന് എരുമേലി നൈനാർ മസ്ജിദിൽ. 68 വർഷം എരുമേലി വാവർ മസ്ജിദ് (നൈനാർ മസ്ജിദ് ) ചീഫ് ഇമാം ആയി സേവനം ചെയ്തു. എരുമേലി മഹല്ല് ഇമാമെന്ന നിലയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹം, തന്റെ കർക്കശമായ നിലപാടുകളിലൂടെയും അടിയുറച്ച ഇസ്ലാമിക പ്രമാണങ്ങളിലൂടെയും സമൂഹത്തിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു.

സത്യസന്ധതയുടെയും കാർക്കശ്യത്തിന്റെയും മുഖംഇമാം സ്ഥാനത്തിരുന്ന് സമുദായത്തോടും ജമാഅത്ത് കമ്മറ്റികളോടും ഒരുപോലെ നീതിപുലർത്തിയ മൗലവി, ഇസ്ലാമിക നിബന്ധനകളിൽ യാതൊരു വിട്ടവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ജമാഅത് പരിപാലന സമിതികൾ ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് പൂർണ വില കല്പിച്ചിരുന്നു.

പള്ളിയിൽ നിന്നുള്ള ശമ്പളം പോലും ബാങ്ക് അക്കൗണ്ടുകൾ ഒഴിവാക്കി നേരിട്ട് കൈപ്പറ്റിയിരുന്ന അദ്ദേഹം, ഗാന്ധിയൻ വസ്ത്രധാരണവും ലളിതമായ ജീവിതരീതിയുംകൊണ്ട് ഒരു ഫക്കീറിനെപ്പോലെയാണ് ജീവിച്ചുതീർത്തത്. പലിശരഹിത ജീവിതം ജീവിതത്തിൽ കർശനമായി പാലിച്ച അദ്ദേഹം ഒരു രൂപ പോലും പലിശയ്ക്ക് എതിരായിരുന്നു.

മാതൃകാപരമായ നിലപാടുകൾആർഭാട വിവാഹങ്ങൾക്കെതിരെ ശക്തമായി രംഗത്തുവന്ന മൗലവി, വിവാഹച്ചടങ്ങുകളിൽ പാവപ്പെട്ട പെൺമക്കളുടെ വിഷമങ്ങൾ പരസ്യമായി ചൂണ്ടിക്കാണിക്കുകയും അവരെ സഹായിക്കാൻ സമൂഹത്തിന് പ്രചോദനം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ ഇടപെടലുകൾ എരുമേലി ജമാഅത്തിൽ നിർധന പെൺകുട്ടികൾക്ക് വിവാഹ ധനസഹായം നൽകുന്ന മാതൃകാപരമായ പദ്ധതിക്ക് രൂപം നൽകാൻ കാരണമായി.

ജാതിമത ഭേദമന്യേ എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അബ്ദുൽ കരീം മൗലവി. കാഞ്ഞിരപ്പള്ളി രൂപതാ മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കലുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം പ്രശസ്തമാണ്. സ്കൂൾ കാലഘട്ടത്തിൽ ഒപ്പം പഠിച്ച ആ സൗഹൃദം മരണംവരെ അവർ തുടർന്നു.

അതുപോലെ, അമ്പലപ്പുഴ കളത്തിൽ ചന്ദ്രശേഖരൻ നായരുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം മനുഷ്യസ്നേഹത്തിന്റെ വലിയ ഉദാഹരണമായിരുന്നു.എരുമേലിയിലെ ചന്ദനക്കുടവും പേട്ടതുള്ളലും പോലെ തന്നെ, അസംപ്ഷൻ ഫോറോന പള്ളിയിൽ നിന്ന് തിരുരൂപം വരുമ്പോൾ ജമാഅത്ത് അതിനെ ചേർത്ത് ആദരിക്കണമെന്നും ഒരു മതത്തെയും നിന്ദിക്കരുതെന്നും അദ്ദേഹം പഠിപ്പിച്ചു.

പണ്ഡിതശ്രേഷ്ഠനായ പാണക്കാട് ശിഹാബ് തങ്ങൾ പോലും ഏറെ ആദരവോടെ മാത്രം സ്മരിച്ചിരുന്ന വ്യക്തിയായിരുന്നു അബ്ദുൽ കരീം മൗലവി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!