ഇത്തവണ ബിജെപിക്ക് കേരളത്തിൽ രണ്ടക്ക സീറ്റ് ലഭിക്കും: പ്രധാനമന്ത്രി

തിരുവനന്തപുരം : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ഇരട്ട അക്കത്തിൽ ബിജെപിക്ക് വോട്ട് വിഹിതം നൽകിയെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ അത് ഇരട്ട അക്കത്തിൽ സീറ്റായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

വോട്ടിന്റെ അടിസ്ഥാനത്തിലല്ല കേന്ദ്രസർക്കാർ കേരളത്തെ കാണുന്നത്. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ല. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയർത്തുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ കേരള ജനപക്ഷം പാർട്ടി ചടങ്ങിൽ ബിജെപിയിൽ ലയിച്ചു.


സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാതിരുന്നിട്ടും കേന്ദ്രം കേരളത്തിനു മുന്തിയ പരിഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി കേരളത്തെയോ മറ്റു സംസ്ഥാനങ്ങളെയോ വോട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടിട്ടില്ല.

ബിജെപി ദുർബലമായിരുന്ന കാലത്തും കേരളത്തെ ശക്തിപ്പെടുത്തുന്നതിൽ പാർട്ടി പങ്കാളികളായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കിട്ടുന്ന പരിഗണന കേരളത്തിനും കിട്ടുന്നു എന്നുറപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടുണ്ട്. 2024ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന കാര്യം പ്രതിപക്ഷം ഉറപ്പാക്കിയിരിക്കുക യാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പരാജയം മുന്നിൽ കണ്ട് അവർക്ക് സമനില തെറ്റി. കേരളം ഇത്തവണ എൻഡിഎയ്ക്ക് പിന്തുണ നൽകും. 2024ലെ തിരഞ്ഞെടുപ്പ് ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാനുള്ള തിരഞ്ഞെടുപ്പായി മാറും.

മോദിയുടെ മൂന്നാം സർക്കാർ വരുമെന്ന ചർച്ചകൾ രാജ്യത്ത് നടക്കുന്നു. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. അതാണ് മോദിയുടെ ഗ്യാരന്റി. 25 കോടി ജനങ്ങളെ ദാരിദ്ര്യരേഖയിൽനിന്ന് മുകളിലെത്തിച്ചു. ഇനിയും ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കുകയാണ് മോദിയുടെ ഗ്യാരന്റി.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നോട്ടുപോകലിന് ഊന്നൽ നൽകും. സാധാരണക്കാരായ കുട്ടികൾക്ക് പുതുവഴി തുറക്കും. അതാണ് മോദിയുടെ ഗ്യാരന്റി. കേരളത്തിലെ ജനങ്ങൾക്ക് തൊഴിൽനൽകും. അതാണ് മോദിയുടെ ഗ്യാരന്റി. 50 ലക്ഷം മുദ്രാലോണുകൾ കേന്ദ്രസർക്കാർ കേരളത്തിൽ നൽകി. സ്ത്രീകൾക്കാണ് ഈ ലോൺ കൂടുതലും പ്രയോജനപ്പെട്ടത്. കേരളത്തിന്റെ വികസനത്തിന് ബിജെപി എല്ലാകാലത്തും പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


            

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!