200 കോടിയുടെ പദ്ധതി… ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട്…

തിരുവനന്തപുരം: കണ്ണൂർ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കിഫ്ബിയുടെയും ദേശീയ ആയുഷ് മിഷന്റെയും ധനസഹായത്തോടെ നടപ്പാക്കിയ 200 കോടി രൂപയുടെ പദ്ധതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

പദ്ധതിയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന സൂചന നൽകുന്ന ആഭ്യന്തര പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് കൈമാറി. പദ്ധതി ആസൂത്രണം, സ്ഥലമേറ്റെടുക്കൽ, കെട്ടിടനിർമാണം, ഫർണിച്ചർ വാങ്ങൽ, ഫണ്ട് വിനിയോഗം, സംഭരണം തുടങ്ങിയ മേഖലകളിൽ വീഴ്ചകളുണ്ടായെന്നാണ് ആഭ്യന്തര പരിശോധനാ റിപ്പോർട്ടിലെ കണ്ടെത്തൽ.

കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ വിള്ളലുകളും ചോർച്ചയും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കെട്ടിടനിർമാണം പൂർത്തിയാകുന്നതിന് മുൻപ് ഫർണിച്ചറുകൾ വാങ്ങിയെന്നും ചൂണ്ടിക്കാട്ടുന്നു. ഗവേഷണ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമല്ലാത്ത ഭൂമിയാണ് ഏറ്റെടുത്തതെന്നും റിപ്പോർട്ടിലുണ്ട്.

ഔഷധസസ്യ നഴ്സറി നിർമിക്കാൻ തുക വകയിരുത്തിയിരുന്നെങ്കിലും നഴ്സറി സ്ഥാപിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.അഴിമതി, സാമ്പത്തിക ക്രമക്കേട് എന്നിവയുണ്ടായിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കണമെന്നാണ് ആരോഗ്യ മന്ത്രിയുടെ ആവശ്യം.

കേരള സർക്കാരിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ കല്യാടാണ് ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ആയുർവേദ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇവിടെ നടപ്പാക്കിയ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളാണ് ഇപ്പോൾ വിജിലൻസ് അന്വേഷണ ആവശ്യത്തിലേക്ക് നയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!