ഇറാൻ യുദ്ധം കഴിഞ്ഞാൽ ക്യൂബയിലേക്ക് നീക്കമെന്ന് ട്രംപ്; ക്യൂബൻ ഭരണകൂടം കീഴടങ്ങുമെന്നും അമേരിക്കൻ പ്രസിഡന്റ്

ഫ്ലോറിഡ : ഇറാനെതിരായ സൈനിക നീക്കങ്ങൾ അവസാനിച്ചാൽ അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിലേക്കായിരിക്കുമെന്ന സൂചന നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ നിന്ന് മടങ്ങുന്ന അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്ത് വിന്യസിക്കുമെന്നും ഇതോടെ ക്യൂബ കീഴടങ്ങുമെന്നുമാണ് ട്രംപിന്റെ അവകാശവാദം.

ദക്ഷിണ ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു ക്യൂബയ്‌ക്കെതിരായ പുതിയ പരാമർശം.ക്യൂബയെക്കുറിച്ച് സദസ്സിൽനിന്ന് ഉയർന്ന ചോദ്യത്തിന് മറുപടി നൽകവേ, അമേരിക്കൻ യുദ്ധക്കപ്പലുകളിലൊന്ന് ക്യൂബൻ തീരത്തുനിന്ന് വെറും 50 വാര അകലെ നിർത്തിയിടുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. കപ്പലുകൾ തീരത്തോട് അടുക്കുന്നതോടെ ക്യൂബൻ ഭരണകൂടം കീഴടങ്ങുമെന്നും തുടർന്ന് പ്രശ്നം പരിഹരിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ ക്യൂബയിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരം പ്രയോജനപ്പെടുത്തണമെന്ന് റൂബിയോയും പ്രതികരിച്ചു.

സിഐഎയുമായി രഹസ്യ സഹകരണത്തിലേർപ്പെട്ട് ആഗ്രഹിക്കുന്ന മാറ്റം യാഥാർഥ്യമാക്കാൻ ക്യൂബൻ ജനത മുന്നോട്ടുവരണമെന്ന ആഹ്വാനമാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ നടത്തിയത്.ക്യൂബയിൽ ഇടപെടാനുള്ള സാധ്യത ട്രംപ് നേരത്തെയും പരാമർശിച്ചിരുന്നു.

ഇറാനിലെ സൈനിക നടപടികൾ പൂർത്തിയായാൽ ക്യൂബയായിരിക്കും അടുത്ത ലക്ഷ്യമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ മുൻ പ്രസ്താവനകളിലും ഉണ്ടായിരുന്നത്. ക്യൂബയുടെ മുൻ ഭരണാധികാരി റൗൾ കാസ്ട്രോയ്‌ക്കെതിരെ അമേരിക്ക ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് പുതിയ മാനം നൽകി.

ക്യൂബയിൽ ഇടപെടുന്നതിനെക്കുറിച്ച് പതിറ്റാണ്ടുകളായി അമേരിക്കൻ പ്രസിഡന്റുമാർ ആലോചിച്ചിരുന്നുവെന്നും ആ നീക്കം നടപ്പാക്കാൻ നിയോഗിക്കപ്പെട്ടത് താനാണെന്നാണ് തോന്നുന്നതെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.അമേരിക്കയുടെ എതിരാളികളായ രാജ്യങ്ങളുമായുള്ള ക്യൂബയുടെ ബന്ധം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് റൂബിയോയുടെ വാദം.

അതേസമയം, ക്യൂബയുമായുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!