മെഡല്‍ പ്രതീക്ഷ മങ്ങി; വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ തള്ളി അന്താരാഷ്ട്ര കായിക കോടതി

പാരിസ്: ഒളിംപിക്‌സ് ഗുസ്തിയിൽ വെള്ളി മെഡലിനായുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീൽ തളളി അന്താരാഷ്ട്ര കായിക കോടതി. കോടതിയുടെ ഒറ്റവരി വിധിവന്നതായും വിശദമായ വിധിപകര്‍പ്പ് പിന്നീടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അപ്പില്‍ തളളിയതായി വിനേഷിന്റെ അഭിഭാഷകനെയും ഐഒഎ നേതൃത്വത്തെയും അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിനേഷിന്റെ അപ്പീലിൽ നാളെ രാത്രി 9.30 ക്ക് വിധി പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര കായിക കോടതി ഇന്നലെ അറിയിച്ചിരുന്നത്.

ഫൈനലിലേക്ക് എത്തിയെങ്കിലും ഭാരക്കൂടുതലിന്റെ പേരിൽ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഫൈനൽ പോരിന് മുൻപ് നടത്തിയ പരിശോധനയിൽ വിനേഷിന്റെ ഭാരം 50 കിലോയെക്കാൾ 100 ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയത്.

എന്നാൽ വെള്ളി മെഡലിനു അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് രാജ്യാന്തര കായിക കോടതിയിൽ അപ്പീലിൽ നൽകുകയായിരുന്നു. ഹർജിയിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ വിനേഷിനോടും എതിർ കക്ഷികളായ യുനൈറ്റഡ് വേൾഡ് റെസ്ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിരുന്നു.

ഒളിംപിക്സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. അതിനിടെ ഞായറാഴ്ച രാത്രി 9.30 ഓടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർ അന്നാബെൽ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!