വിവാഹത്തിനു വേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ല: മുംബൈ ഹൈക്കോടതി

മുംബൈ: വിവാഹത്തിന് വേണ്ടി മാത്രമുള്ള മതം മാറുന്നത് അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. എന്നാല്‍ വ്യക്തികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയുടെ പുതിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ബലപ്രയോഗം, വഞ്ചന, ചതി, പ്രലോഭനം, തെറ്റിധരിപ്പിക്കല്‍, വിവാഹം എന്നിവയിലൂടെ നടത്തുന്ന മതപരിവര്‍ത്തനങ്ങളെ മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് കുറ്റകരമാക്കുന്നുണ്ട്. മതം മാറുന്നതിന് മുന്‍പ് 60 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഈ നിയമത്തിലെ സെക്ഷന്‍ 6 വ്യവസ്ഥ ചെയ്യുന്നു.

താനെയില്‍ നിന്നുള്ള 70കാരനായ ഇസ്ലാമിക പ്രഭാഷകനാണ് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യത്തെ ഈ നിയമം ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

എന്നാല്‍, സമൂഹത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാനും ബലപ്രയോഗത്തിലൂടെയുള്ള മതംമാറ്റങ്ങള്‍ തടയാനുമാണ് ഈ നിയമമെന്ന് ചീഫ് ജസ്റ്റിസ് മഹേഷ് സി ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ‘സമൂഹത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ മാത്രമുള്ളതാണ് ഇത്. നിര്‍ബന്ധിച്ചോ ബലപ്രയോഗത്തിലൂടെയോ ഉള്ള മതംമാറ്റങ്ങളില്‍ മാത്രമേ സര്‍ക്കാരിന് ആശങ്കയുള്ളൂ. ആര്‍ക്കും സ്വന്തം മതം മാറാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ല’ -കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരന് എങ്ങനെയാണ് ഈ നിയമം നേരിട്ട് ബാധിച്ചതെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ അടിസ്ഥാനപരമായ വസ്തുതകളുടെ അഭാവമുണ്ടെന്നും ഇതൊരു അക്കാദമിക് സ്വഭാവമുള്ള വെല്ലുവിളി മാത്രമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

വ്യക്തമായ വസ്തുതകളുടെ പിന്‍ബലമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ആവശ്യമായ വിവരങ്ങളോടെ പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സ്വാതന്ത്ര്യം നല്‍കി. ഇതോടെ പരാതിക്കാരന്‍ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!