ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സ തേടിയെത്തി…. യുവാവിന്റെ പോക്കറ്റിൽ നിന്ന് ഡോക്ടർ കണ്ടെടുത്തത്

മലപ്പുറം : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടിൽ സിബിന്റെ വസ്ത്രത്തിലെ പോക്കറ്റിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ ഇയാളെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. 21.42 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.

എടപ്പാളിൽ വെച്ചാണ് സിബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. തുടർന്ന് പരിക്കുകളോടെ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സയുടെ ഭാഗമായുള്ള പരിശോധനയ്ക്കിടെ സിബിന്റെ പാന്റ്സിന്റെ പോക്കറ്റിൽ ഒരു പൊതി ഡോക്ടറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

സംശയം തോന്നിയ ഡോക്ടർ വിവരം അതീവ രഹസ്യമായി പൊലീസിനെ അറിയിച്ചു. തുടർന്ന് പെരിന്തൽമണ്ണ പൊലീസ് ആശുപത്രിയിലെത്തി പരിശോധന നടത്തി. പൊതിയിലുള്ളത് എംഡിഎംഎയാണെന്ന് സ്ഥിരീകരിച്ചതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അപകടത്തിൽ പ്രതിക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. എങ്കിലും ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പ്രതിക്ക് എംഡിഎംഎ എവിടെ നിന്നാണ് ലഭിച്ചതെന്നോ, ഇത് വിൽപ്പനയ്ക്കായി കൊണ്ടുനടന്നതാണോ എന്നുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ഇയാളുടെ ലഹരി മാഫിയ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പ്രതിയുടെ യാത്രാവിവരങ്ങളും ഫോൺ സംഭാഷണങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!