മൈസൂരു: വിഖ്യാതമായ മൈസൂരു ദസറ ജംബൂസവാരിയിൽ ആദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു.
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനത് കലാരൂപങ്ങളും പ്രകൃതിസൗന്ദര്യവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതിയ അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയ സാന്നിധ്യമായി.
കർണാടക സർക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളം ജംബൂസവാരിയിൽ പങ്കെടുത്തത്. ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടിന് മൈസൂരു കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ട് ബന്നിമണ്ഡപിൽ സമാപിച്ചു.
53 നിശ്ചലദൃശ്യങ്ങളും 50 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരന്നു. കേരള സർക്കാരിന്റെ നിർദേശപ്രകാരം സാംസ്കാരിക വകുപ്പാണ് നിശ്ചലദൃശ്യത്തിന്റെ രൂപകൽപ്പനയും ഒരുക്കവും അവതരണവും ഏകോപിപ്പിച്ചത്.
കേരളത്തിന്റെ അനുഷ്ഠാനകലാ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന തെയ്യരൂപവും ശാസ്ത്രീയ കലാപാരമ്പര്യത്തിന്റെ പ്രതീകമായ കഥകളി രൂപവുമായിരുന്നു പ്രധാന ആകർഷണങ്ങൾ. കേരളത്തിന്റെ ആഗോള സാംസ്കാരിക സ്വത്വത്തെ പ്രതീകവത്കരിക്കുന്ന പ്രകാശപൂരിതമായ ഭൂഗോളവും സംസ്ഥാനത്തിന്റെ പ്രകൃതിസവിശേഷതകൾ വിളിച്ചോതുന്ന തെങ്ങുകളും ഹരിതാഭമായ ദൃശ്യങ്ങളും നിശ്ചലദൃശ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കേരളത്തിന്റെ കലാപാരമ്പര്യവും പ്രകൃതിഭംഗിയും ഒരുപോലെ അവതരിപ്പിച്ച ഈ സാന്നിധ്യം ജംബൂസവാരിയിൽ സംസ്ഥാനത്തിന്റെ സാംസ്കാരിക വൈവിധ്യം അടയാളപ്പെടുത്തി.
