കൊച്ചി: യാത്രക്കാർക്ക് ട്രെയിനിറങ്ങി സ്റ്റേഷനിൽ നിന്നുതന്നെ വീടുകളിലേക്കുള്ള അരിയും പലചരക്കു സാധനങ്ങളും നിത്യോപയോഗ വസ്തുക്കളും വാങ്ങാൻ സാധിക്കുന്ന പുതിയ സംവിധാനം സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ വരുന്നു.
യാത്രക്കാരുടെ സൗകര്യാർത്ഥം പ്ലാറ്റ്‌ഫോമുകളിൽ പലചരക്ക് ഔട്ട്‌ലെറ്റുകൾ ആരംഭിക്കാൻ ദക്ഷിണ റെയിൽവേ പദ്ധതിയിടുന്നു. റെയിൽവേ സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടമായി എറണാകുളം ടൗൺ, ആലുവ എന്നീ സ്റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇതിനായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ടെൻഡറുകൾ ക്ഷണിച്ചുകഴിഞ്ഞു. പ്ലാറ്റ്‌ഫോമുകളിൽ 60 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഇത്തരം ചെറിയ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുക. ഒരു മാസത്തിനകം ഈ കടകൾ പ്രവർത്തനസജ്ജമാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ പദ്ധതിയുടെ വിജയം വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ റെയിൽവേയുടെ തന്നെ ചെന്നൈ ഡിവിഷനിൽ കഴിഞ്ഞ വർഷം സമാനമായ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു.
കൂടാതെ, തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ വലിയ സൂപ്പർമാർക്കറ്റുകൾ തുറക്കാനും ദക്ഷിണ റെയിൽവേ പദ്ധതി തയ്യാറാക്കുന്നുണ്ട്. നിലവിൽ ഇരിങ്ങാലക്കുട, ചിറയിൻകീഴ്, ചാലക്കുടി തുടങ്ങിയ സ്റ്റേഷനുകളാണ് ഇതിനായി പ്രാഥമികമായി പരിഗണനയിലുള്ളത്.
സ്റ്റേഷനുകളിലെ സ്ഥലലഭ്യത അനുസരിച്ച് രണ്ട് നിലകളിലായി 2,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള വിപുലമായ സൂപ്പർമാർക്കറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ടെൻഡറുകൾ ഒരു മാസത്തിനകം ക്ഷണിക്കുമെന്നും മൂന്ന് മാസത്തിനുള്ളിൽ സൂപ്പർമാർക്കറ്റുകൾ യാഥാർത്ഥ്യമാ ക്കുമെന്നും റെയിൽവേ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
