തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടം നികത്താൻ ഉപഭോക്താക്കളിൽനിന്ന് നാലുവർഷത്തേക്ക് സർച്ചാർജ് ഈടാക്കാനുള്ള പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു.
5000 കോടി രൂപയുടെ നഷ്ടം സർച്ചാർജിലൂടെ വീണ്ടെടുക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം. 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതിനിരക്കുകളും സർച്ചാർജും പ്രാബല്യത്തിൽ വരും.
2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതിനിരക്കുകൾ പുതിയ നയത്തിന്റെ അടിസ്ഥാന ത്തിലാകും നിശ്ചയിക്കുക. ഇതിൽ നാലുവർഷം സർച്ചാർജ് കൂടി ഉപഭോക്താക്കൾക്ക് ബാധകമാകും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിനെ അടിസ്ഥാനമാക്കിയാണ് സർച്ചാർജ് കണക്കാക്കുക.
മറ്റു വിഭാഗങ്ങളിൽ ഫിക്സഡ് ചാർജിന്റെയും വൈദ്യുതിനിരക്കിന്റെയും നിശ്ചിത ശതമാനമായിരിക്കും ഈടാക്കുക.
*ഇന്ധനവില വർധനയുടെ അധികചെലവും ബില്ലിലേക്ക്
വൈദ്യുതി ഉൽപ്പാദനത്തിനും വാങ്ങുന്നതിനുമുള്ള ചെലവ് വർധിക്കുമ്പോൾ അതിന്റെ അധികബാധ്യത ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന ഇന്ധനസർച്ചാർജിന്റെ പരിധിയും വിപുലീകരിക്കും. ഇതുവരെ ദീർഘകാല വൈദ്യുതിക്കരാറുകളിലെ അധികചെലവാണ് കണക്കാക്കിയിരുന്ന തെങ്കിൽ, ഇനി ഹ്രസ്വകാല കരാറുകളിലൂടെയും അടിയന്തരമായും വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധികബാധ്യതയും ഉൾപ്പെടുത്തും.
ഇതിനായി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതി തേടാതെ തന്നെ വൈദ്യുതി കമ്പനികൾക്ക് അധികചെലവ് ഉപഭോക്താക്കളിൽനിന്ന് നേരിട്ട് ഈടാക്കാം. എന്നാൽ, ശരാശരി വൈദ്യുതിവിലയുടെ നാലുശതമാനത്തിൽ കൂടുതൽ ഇന്ധനസർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും.
*പീക്ക് സമയം ഒന്നര മണിക്കൂർ കൂടി നീളും
വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള സമയമായി കണക്കാക്കുന്ന പീക്ക് സമയവും ദീർഘിപ്പിച്ചിട്ടുണ്ട്. നിലവിൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയാണ് ഈ സമയപരിധി. പുതിയ നിർദേശപ്രകാരം രാത്രി 11.30 വരെ ഉയർന്ന നിരക്ക് ബാധകമാകുന്ന പീക്ക് സമയം നീളും.
കൂടുതൽ ഉപഭോക്തൃ വിഭാഗങ്ങളിൽ ടൈം ഓഫ് ഡേ (ടി.ഒ.ഡി.) മീറ്ററുകൾ സ്ഥാപിക്കണമെന്നും നയം നിർദേശിക്കുന്നു. വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുന്നതാണ് ഈ സംവിധാനം. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്താനും നിർദേശമുണ്ട്.
*ഗാർഹിക വൈദ്യുതി നിരക്കിലും മാറ്റത്തിന് നിർദേശം
വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള ചെലവിന് അനുസൃതമായി നിരക്ക് നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും താരിഫ് നയം വ്യക്തമാക്കുന്നു. വീടുകളിലെ ഫിക്സഡ് ചാർജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്ന നിർദേശവും ഇതിലുണ്ട്.
വീടുകളിൽ വൈദ്യുതി സംഭരിക്കുന്ന സംവിധാനം സ്ഥാപിച്ച് രാത്രിയിൽ അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നവർക്ക് പ്രോത്സാഹനകരമായ നിരക്ക് നൽകണമെന്നും നയം നിർദേശിക്കുന്നു.പുതിയ നയം അനുസരിച്ച് വൈദ്യുതി ബില്ലിന്റെ ഘടനയിലും നിരക്ക് കണക്കാക്കുന്ന രീതിയിലും മാറ്റങ്ങളുണ്ടാകും.
എന്നാൽ, വിവിധ ഉപഭോക്തൃവിഭാഗങ്ങൾക്ക് ബാധകമാകുന്ന കൃത്യമായ നിരക്കുകൾ കമ്മിഷൻ നിശ്ചയിക്കുന്നതോടെയാകും ബില്ലിലുണ്ടാകുന്ന മാറ്റത്തിന്റെ വ്യാപ്തി വ്യക്തമാകുക.
