നെടുമ്പാശേരി മിനികൂപ്പർ അപകടം… നാല് പ്രതികൾക്കും…

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയുള്ള കോടതി ഉത്തരവ് പുറത്ത്.

മുഖ്യപ്രതി സുഹൈൽ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് രക്തപരിശോധനയിൽ തെളിഞ്ഞതായും ദൃക്‌സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. സുഹൈൽ മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും മറ്റ് മൂന്ന് പ്രതികൾ വേഗത്തിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ചെന്നും ഉത്തരവിലുണ്ട്.

ജാമ്യം അനുവദിച്ചാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാനു ണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.

മുഖ്യപ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞത്. നാലുമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു തീരുമാനം.

സുഹൈലിനെതിരെ ചുമത്തിയ കുറ്റകരമായ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നും പ്രതികൾക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്ക് പ്രായം കുറവാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ നിരത്തിയായിരുന്നു പൊലീസ് ജാമ്യാപേക്ഷയെ എതിർത്തത്. അന്വേഷണത്തിന്റെ ഭാഗമായി ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സുഹൈലിന്റെ മാതാപിതാക്കളുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

അപകടത്തിന് മുൻപ് സുഹൈൽ മാതാപിതാക്കളുമായും മറ്റുചിലരുമായും ഫോണിൽ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭാഷണങ്ങളെക്കുറിച്ചും സുഹൈലിന് വാഹനം വാങ്ങിനൽകിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങളെക്കുറിച്ചും ചോദിച്ചറിയാനാണ് തീരുമാനം.

അപകടം നടന്ന എയർപോർട്ട് റോഡിൽ പൊലീസും സിയാലും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തി. റോഡിലെ വാഹനവേഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!