മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാജഹാൻ, മിർണ മേനോൻ തുടങ്ങി മലയാളി താരങ്ങൾ അണിനിരന്ന ‘ജയിലർ 2’വിൽ അധികമാരും ശ്രദ്ധിക്കാതെ പോയൊരു മുഖമുണ്ട്. കോഴിക്കോട് സ്വദേശിനിയായ യുവതാരം ചൈത്ര പ്രവീൺ.
സിനിമയിൽ ഒരേയൊരു ഷോട്ടിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ചൈത്രയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഇളം മഞ്ഞ സാരിയിൽ അതിസുന്ദരിയായാണ് ചൈത്ര ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ ആദ്യ ഭാഗത്ത് രാമചന്ദ്രൻ ദുരൈരാദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പമാണ് താരത്തെ കാണാനാകുക.
സ്ക്രീനിൽ വളരെ കുറച്ചുസമയം മാത്രമേ ലഭിക്കുന്നുള്ളൂവെങ്കിലും ചൈത്രയുടെ ലുക്കും സാന്നിധ്യവും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നതാണ്.
‘ജയിലർ 2’ ചൈത്രയുടെ ആദ്യ തമിഴ് ചിത്രമാണ്. ഡന്റിസ്റ്റായ ചൈത്ര അഭിനയരംഗത്തേക്ക് കടന്നുവന്നത് ‘എല്ലാം സെറ്റാണ്’ എന്ന മലയാള സിനിമയിലൂടെയാണ്. പിന്നീട് ‘എൽഎൽബി’, ‘ത്രീ നൈറ്റ്സ്’, ‘ഉല്ലാസപ്പൂത്തിരികൾ’, ‘അതെന്താ അങ്ങനെ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
സിനിമയിൽ മാത്രമല്ല, പരസ്യരംഗത്തും ചൈത്ര സജീവമാണ്. പരസ്യചിത്രങ്ങൾക്കായി മോഡലായും പ്രവർത്തിക്കുന്ന താരം, മലയാള സിനിമയിൽനിന്ന് തമിഴ് സിനിമയിലേക്കും തന്റെ സാന്നിധ്യം വ്യാപിപ്പിച്ചിരിക്കുകയാണ്. ‘ജയിലർ 2’വിലെ ചെറിയ വേഷത്തിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുക യാണ് ഈ കോഴിക്കോട് സ്വദേശിനി.
