കോട്ടയം ::അവഗണനയിൽ തകർന്ന് നീറിക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. പമ്പ് ഹൗസും കനാലുകളും അപകടാവസ്ഥയിൽ ആയതോടെ ദുരിതത്തിലായി കർഷകർ.
നീറിക്കാട് – ആറുമാനൂർ – തിരുവഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നീറിക്കാട് പാടം, കാറക്കുളം പാടം, ഉരുളിപ്പാടം, എരമല്ലൂർ പാടം, തിരുവഞ്ചൂർ പാടം, ഏഴായി പാടം മയിലി പാടം തുടങ്ങി 1500 ഏക്കർ പാടശേഖരങ്ങളിലെ കൃഷിക്കും, വേനൽക്കാലത്ത് സമീപവാസികളുടെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണിത്.
ലക്ഷങ്ങൾ മുടക്കി തുടങ്ങിയ പദ്ധതിയാണ് ഇന്ന് അധികൃതരുടെ അശ്രദ്ധ കാരണം നശിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎയുടെ പ്രത്യേക പരിഗണനയിൽ ഉൾപ്പെടുത്തി ഏകദേശം 35 വർഷങ്ങൾക്ക് മുമ്പാണ് ഈ ജലസേചന പദ്ധതി യാഥാർത്ഥ്യമാക്കിയത്.
പദ്ധതിക്കായി പി.കെ. കുര്യാക്കോസ് പാറയിൽ തന്റെ സ്ഥലം ഉദാരമായി വിട്ടുനൽകിയതും, അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രതിനിധി ജോയ് കൊറ്റത്തിൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കനാൽ നിർമ്മാണത്തിനായി നിരവധി പ്രതിസന്ധികളെ തരണം ചെയ്തുമാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
നിർമ്മാണ ഉദ്ഘാടനം അന്നത്തെ ജലസേചന വകുപ്പ് മന്ത്രി ടി എം ജേക്കബ് ആണ് നിർവഹിച്ചത് . 2000 സെപ്തംബറിൽ പൂർത്തീകരിക്കപ്പെട്ട പദ്ധതി അന്നത്തെ മന്ത്രി ടി കെ രാമകൃഷ്ണൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.
ഈ പദ്ധതി ഏറെക്കാലം കർഷകർക്ക് ആശ്രയമായിരുന്നു. പക്ഷേ , യഥാസമയം വേണ്ടത്ര അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ പദ്ധതിയുടെ പ്രധാന പമ്പ് ഹൗസ് കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലവിൽ. കനാലുകൾ കാടുകയറി നശിക്കുകയും പലയിടത്തും തകർന്ന് ശോചനീയാവസ്ഥയിലും ആയതോടുകൂടി ജലവിതരണ ശൃംഖല പലയിടങ്ങളിലും സ്തംഭിച്ചിരിക്കുകയാണ്.
ഇത് മേഖലയിലെ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതേതുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി. അപകടാവസ്ഥയിലായ പമ്പ് ഹൗസ് അടിയന്തരമായി പുനർനിർമ്മിക്കുകയും, തകർന്നുകിടക്കുന്ന കനാലുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണത്തിലെ തടസ്സങ്ങൾ നീക്കുകയും വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പദ്ധതിയുടെ പൂർണ്ണ പ്രയോജനം കർഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിൽ സർക്കാരും ബന്ധപ്പെട്ട അധികാരികളും അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെയും കർഷകരുടെയും ശക്തമായ ആവശ്യം.
