ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹാ ബോറയെ ശനിയാഴ്ച രാവിലെ വിട്ടയച്ചു.
വെള്ളിയാഴ്ച രാത്രി വൈകി ജന്തർ മന്തറിന് സമീപത്തുവെച്ചാണ് വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ നാടകീയമായി കസ്റ്റഡിയിലെടുത്ത് ആർ.കെ. പുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. രാത്രി സ്റ്റേഷനിൽ പാർപ്പിച്ച ശേഷം രാവിലെ വിട്ടയച്ചു. ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള മുൻകരുതൽ തടങ്കലിലായിരുന്നു നേതാവെന്നാണ് ഡൽഹി പോലീസ് കസ്റ്റഡി സംബന്ധിച്ച് വ്യക്തമാക്കുന്നത്.
എന്നാൽ പോലീസിനെ ഉപയോഗിച്ച് വിദ്യാർത്ഥി-യുവജന നേതാക്കളുടെ ശബ്ദം അടിച്ചമർത്താനാണ് ഭരണകൂടം നിരന്തരം ശ്രമിക്കുന്നതെന്ന് മോചനത്തിന് പിന്നാലെ നേഹ തുറന്നടിച്ചു. രാജ്യത്ത് നിലവിലുള്ള നിയമവും വ്യവസ്ഥയും ഭരണകൂടം തന്നെ പരസ്യമായി ലംഘിച്ചുകൊണ്ടിരിക്കുകയാണെന്ന് ജയിൽ മോചിതയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ നേഹാ ബോറ രൂക്ഷമായി പ്രതികരിച്ചു.
ജനാധിപത്യപരമായ അവകാശങ്ങ ൾക്കായി ശബ്ദമുയർത്തുന്ന സാധാരണക്കാരായ പൗരന്മാരെ കൊടുംകുറ്റവാളികളെ കൈകാര്യം ചെയ്യുന്നതുപോലെയാണ് പോലീസ് നേരിടുന്നതെന്ന് അവർ കുറ്റപ്പെടുത്തി. പകലോ വൈകുന്നേരങ്ങളിലോ ആൾക്കാരെ പിടികൂടി രാത്രി മുഴുവൻ തടങ്കലിൽ വെക്കുകയും അടുത്ത ദിവസം വിട്ടയക്കുകയും ചെയ്യുന്ന നിയമവിരുദ്ധ രീതി ഇവിടെ പതിവായി മാറിയിരിക്കുക യാണ്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ നിയമപരമായ പരിരക്ഷകൾ പോലും കാറ്റിൽപ്പറത്തി സൂര്യാസ്തമയത്തിന് ശേഷം കസ്റ്റഡിയിൽ പാർപ്പിക്കുന്നത് ഏത് അധികാരത്തിന്റെ ബലത്തിലാണെന്നും അവർ ചോദിച്ചു. ഭരണകൂടം ഡൽഹിയിൽ ബോധപൂർവ്വം അരാജകത്വവും കുഴപ്പങ്ങളും സൃഷ്ടിക്കുകയാണെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും തടസ്സപ്പെടുത്തിയെന്നും അവർ പറഞ്ഞു.
തലസ്ഥാന നഗരിയിലെ സാധാരണ ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാനും സമാധാനത്തോടെ ജോലിക്ക് പോകാനുമുള്ള അന്തരീക്ഷം നിലവിൽ ഇല്ലാതായിരിക്കുകയാണ്. രാജ്യത്തെമ്പാടും അനാവശ്യ ഭീതി പരത്തുന്ന നടപടികളിൽ നിന്നും കേന്ദ്രസർക്കാരും പോലീസും അടിയന്തരമായി പിന്മാറണമെന്ന് അവർ ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തല്സ്ഥാനത്തുനിന്ന് ഉടനടി ഇംപീച്ച് ചെയ്യണമെന്നും വിവാദമായ എസ്.ഐ.ആർ. (SIR) നടപടികൾ അടിയന്തരമായി റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം വെള്ളിയാഴ്ച കൊണാട്ട് പ്ലേസിൽ വെച്ച് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തും കസ്റ്റഡിയിലെടുത്തും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതെന്ന് സംയുക്ത സമരസമിതി ആരോപിച്ചു. നേരത്തെ അറസ്റ്റിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ഈ നടപടികളെയും വിദ്യാർത്ഥി സംഘടനകൾ കാണുന്നത്. ജനകീയ നേതാക്കളെ ജയിലിലടച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പൊതുവികാരം ശമിപ്പിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ കക്ഷികളും പ്രസ്താവിച്ചു.
തലസ്ഥാന നഗരിയിൽ വരുംമണിക്കൂറുകളിലും ശക്തമായ സുരക്ഷാ സന്നാഹവും നിരോധനാജ്ഞയും തുടരുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
