അൺലിമിറ്റഡ് കോളുകൾക്കും മെസേജുകൾക്കും ട്രായ് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ന്യൂഡല്‍ഹി: പരിധിയില്ലാത്ത ഫോണ്‍ കോളുകള്‍ക്കും മെസേജിംഗ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) തയ്യാറെടുക്കുന്നതായി സൂചന.

അനാവശ്യമായ വാണിജ്യ ഫോണ്‍ കോളുകള്‍ കാരണം ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആലോചന. വോയ്സ് കോളുകള്‍ക്കും എസ്എംഎസ് സേവനങ്ങള്‍ക്കും വ്യത്യസ്ത താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കേണ്ടതാണെന്ന് ട്രായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ കൂട്ടത്തോടെ അയക്കുന്ന മെസേജുകള്‍ക്കോ കോളുകള്‍ക്കോ ഒരു പ്രത്യേക താരിഫ് അവതരിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പ്രത്യേകിച്ച് വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും പശ്ചാത്തലത്തിലാണ് നിര്‍ദേശം.

പലപ്പോഴും അനാവശ്യമായ വാണിജ്യ കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് ശല്യമാകുന്നതായി പരാധികള്‍ ഉയര്‍ന്നതോടെയാണ് നിശ്ചിത പരിധി കഴിഞ്ഞാല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ ട്രായ് ആലോചിക്കുന്നത്. ടെലികോം കൊമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍ പുനപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ട്രായി പൊതുജനങ്ങളുടെ അഭിപ്രായം തേടി.

അനാവശ്യമായ വാണിജ്യ കോളുകളുടെ ഭീഷണി തടയുന്നതിന് ഒരു നിശ്ചിത പരിധിക്കപ്പുറം വ്യക്തികള്‍ തമ്മിലുള്ള കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകത സംബന്ധിച്ചാണ് ട്രായി ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും സിം അടിസ്ഥാനത്തില്‍ താരിഫ് നിശ്ചയിക്കുന്നതിനുള്ള സാദ്ധ്യതയാണ് പരിശോധിക്കുന്നത്. അംഗീകൃതമല്ലാത്ത ടെലിമാര്‍ക്കറ്ററുകളില്‍ നിന്നുള്ള അനാവശ്യമായ വാണിജ്യ കോളുകള്‍ നിയന്ത്രിക്കുന്നതിന് പുതിയ നീക്കം ഫലപ്രദമായിരിക്കുമെന്നാണ് ട്രായ് കണ്ടെത്തിയിരിക്കുന്നത്. വിവിധ ടെലികോം കമ്പനികളില്‍ നിന്ന് ലഭിച്ച ഉപയോഗാടിസ്ഥാനത്തിലുള്ള കണക്കുകള്‍ കൂടി പരിശോധിച്ച ശേഷമാണ് നടപടി.

ആ വര്‍ഷം ജനുവരി മാര്‍ച്ച് കാലയളവിലെ കണക്ക് പരിശോധിക്കുമ്പോള്‍ ആകെ 116 കോടി ഉപഭോക്താക്കളില്‍ 99.38 ശതമാനം പേരും പത്ത് എസ്എംഎസുകളില്‍ താഴെ മാത്രമാണ് അയക്കുന്നത്. ബാക്കി വെറും 0.03 ശതമാനം ആളുകള്‍ മാത്രമാണ് 50 മുതല്‍ 100 എസ്എംഎസുകള്‍ അയക്കുന്നത്. വെറും 0.004 ശതമാനം മാത്രമാണ് 100ല്‍ അധികം മെസേജുകള്‍ അയക്കുന്നത്. ഫോണ്‍ കോളുകളുടെ കാര്യത്തിലും ഏറെക്കുറേ സമാനമായ രീതിയില്‍ തന്നെയാണ് ഉപയോഗം. ഇതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ട്രായ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!