ജർമനിയിലെ അപ്പാർട്മെന്റ് തീപിടിത്തം: മരിച്ച മൂന്ന് പേരും മലയാളികൾ; കൊലപാതകക്കേസിൽ അയൽവാസി അറസ്റ്റിൽ

ബോഹും : പടിഞ്ഞാറൻ ജർമനിയിലെ ബോഹും നഗരത്തിലുണ്ടായ വൻ അപ്പാർട്മെന്റ് തീപിടിത്തത്തിൽ മരിച്ച മൂന്ന് പേരും മലയാളികളാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ മനഃപൂർവം തീയിട്ടതാണെന്ന സംശയത്തെ തുടർന്ന്, ഇതേ കെട്ടിടത്തിൽ താമസിക്കുന്ന 41 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം ചുമത്തി ഹോമിസൈഡ് സ്ക്വാഡ് ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസും പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചു.

കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ്, കാലടി സ്വദേശി സ്വിൻ ജോണി, ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു എന്നിവരാണ് മരിച്ചത്. 25, 27 വയസ്സുള്ള രണ്ട് യുവതികളും 26 വയസ്സുള്ള യുവാവുമാണ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്. തീയും വിഷപ്പുകയും ശ്വസിച്ചതാണ് മരണത്തിന് കാരണമായത്. രണ്ടാഴ്ച മുൻപാണ് ഇവർ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള അപ്പാർട്മെന്റിൽ താമസം ആരംഭിച്ചത്.

*പുലർച്ചെയുണ്ടായ തീപിടിത്തം; രക്ഷപ്പെടാൻ വഴിയില്ലാതെ താമസക്കാർ

ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെ ബോഹും ഹോഫ്സ്റ്റെറഡെ മേഖലയിലെ പോസ്റ്റ്സ്ട്രാസെയിലുള്ള ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീയിട്ടതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ഇവിടെനിന്ന് തീ കെട്ടിടത്തിന്റെ മുകളിലേക്കുള്ള തടിക്കോണിയിലേക്ക് പടർന്നതോടെ സ്ഥിതി അതീവ ഗുരുതരമായി.

കെട്ടിടത്തിൽനിന്ന് പുറത്തുകടക്കാനുള്ള പ്രധാന മാർഗമായ തടിക്കോണി പൂർണമായി കത്തിയമർന്നതോടെ മുകളിലെ നിലകളിലുള്ള താമസക്കാർ കുടുങ്ങി. ഇടനാഴിയിൽ നിറഞ്ഞ വിഷപ്പുകയും അതിശക്തമായ ചൂടും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ ഭിത്തികളിലെ ലെറ്റർ ബോക്സുകൾ പോലും ചൂടിൽ ഉരുകിയ നിലയിലായിരുന്നു.

പുറത്തുകടക്കാനാകാതെ വന്ന താമസക്കാർ ജനലുകളിലൂടെ നിലവിളിച്ച് സഹായം തേടി. സ്ഥലത്തെത്തിയ അഗ്നിശമന സേന ടേൺടേബിൾ ലാഡറുകളും പോർട്ടബിൾ കോവണികളും ഉപയോഗിച്ച് നാല് പേരെ രക്ഷപ്പെടുത്തി. ജീവൻ രക്ഷിക്കാനായി മറ്റൊരാൾ ജനലിലൂടെ താഴെ സേന ഒരുക്കിയ സുരക്ഷാ കുഷ്യനിലേക്ക് ചാടുകയും ചെയ്തു. സംഭവത്തിൽ പരുക്കേറ്റ അഞ്ച് പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

*സാങ്കേതിക തകരാറുകൾ കണ്ടെത്തിയില്ല

അഗ്നിബാധയുടെ കാരണം കണ്ടെത്താൻ നടത്തിയ ഫോറൻസിക് പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള സാങ്കേതിക തകരാറുകളുടെ സൂചനകളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് തീ മനഃപൂർവം സൃഷ്ടിച്ചതാണെന്ന സംശയത്തിൽ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കിയത്.

അറസ്റ്റിലായ 41 വയസ്സുകാരൻ തീപിടിത്തമുണ്ടായ അതേ കെട്ടിടത്തിലെ താമസക്കാരനാണ്. ഇയാളുടെ പങ്ക് എന്താണെന്നും തീപിടിത്തത്തിന് പിന്നിലെ സാഹചര്യമെന്താണെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

*തീപിടിത്തത്തിന് മുൻപ് താമസക്കാർ തമ്മിൽ തർക്കം

സംഭവത്തിന് തലേദിവസം, ഞായറാഴ്ച ഉച്ചയ്ക്ക്, കെട്ടിടത്തിലെ താമസക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് പട്രോളിങ് സംഘം സ്ഥലത്തെത്തിയിരുന്നു. അന്ന് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിരുന്നില്ല. ഈ തർക്കത്തിന് തീപിടിത്തവുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

*ബോഹുമിനെ നടുക്കിയ ദുരന്തം

നഗരം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് ബോഹും മേയർ യോർഗ് ലൂക്കാറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. അപകടത്തെ തുടർന്ന് കെട്ടിടം പൂർണമായി പൊലീസ് നിയന്ത്രണത്തിലാക്കി സീൽ ചെയ്തിരിക്കുകയാണ്.

മരിച്ചവരുടെ കുടുംബങ്ങളെ ഔദ്യോഗികമായി വിവരമറിയിക്കുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതി നുമായി അധികൃതരും പ്രവാസി പ്രതിനിധികളും രംഗത്തുണ്ട്. ഇന്ത്യൻ എംബസി, കോൺസുലേറ്റ് തലത്തിലുള്ള നടപടികളും ഏകോപിപ്പിച്ചുവരി കയാണ്.

മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവത്തിൽ തീപിടിത്തത്തിന്റെ യഥാർഥ കാരണവും അറസ്റ്റിലായ വ്യക്തിയുടെ പങ്കും കണ്ടെത്താനുള്ള അന്വേഷണമാണ് ഇനി നിർണായകം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!