കോഴിക്കോട്: പയ്യോളിയിൽ 13 വയസ്സുകാരിയെ രണ്ട് വർഷത്തോളം ക്രൂരമായി ലൈംഗിക പീഡനത്തിനിര യാക്കിയ കേസിൽ ഒന്നാം പ്രതിയായ വ്യവസായി ഒരു ദിവസം പോലും പോലീസ് കസ്റ്റഡിയിലാകാതെ എളുപ്പത്തിൽ ജാമ്യം നേടി പുറത്തിറങ്ങിയ സംഭവം വലിയ വിവാദത്തിലേക്ക്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടും ഒന്നാം പ്രതിയായ വടകര ചങ്ങരോത്ത് സ്വദേശിയും വ്യവസായിയുമായ അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്യാൻ പോലീസ് കാണിച്ച ഗുരുതര വീഴ്ചക്കെതിരെ വൻ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. സംഭവത്തിൽ ദുരൂഹതയും ആരോപച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനു മുന്നിൽ ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു.
രണ്ടു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുൽ റഫീഖ്, കുട്ടിയുടെ സ്വന്തം വീട്ടിൽ വെച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മർദ്ദിച്ചുമാണ് രണ്ടു വർഷത്തോളം പീഡനത്തിനിരയാക്കിയത്. ഈ ക്രൂരതയ്ക്ക് കുട്ടിയുടെ മാതാവും കൂട്ടുനിൽക്കുകയായിരുന്നു.
പീഡനത്തെ തുടർന്ന് പെൺകുട്ടി പഠനത്തിൽ ഏറെ പിന്നാക്കം പോവുകയും മാനസിക പ്രയാസങ്ങൾ കാണിക്കുകയും ചെയ്തതോടെ സ്കൂൾ അധികൃതർ കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി. ഈ കൗൺസിലിംഗിലാണ് കുട്ടി താൻ അനുഭവിച്ച ക്രൂര പീഡന വിവരങ്ങൾ പുറത്തുപറഞ്ഞത്. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് 10 മാസം മുൻപ് പയ്യോളി പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസിൽ അബ്ദുൽ റഫീഖിനെ ഒന്നാം പ്രതിയും കുട്ടിയുടെ മാതാവിനെ രണ്ടാം പ്രതിയുമാക്കി മാറ്റി. രണ്ടാം പ്രതിയായ മാതാവിനെ പോലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ പ്രഭാവശാലിയായ ഒന്നാം പ്രതി അബ്ദുൽ റഫീഖ് ഇതിനിടെ വിദേശത്തേക്ക് കടന്നു. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സൗകര്യമൊരുക്കിയത് പോലീസിന്റെ നിഷ്ക്രിയത്വമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
വിദേശത്തുനിന്നും തിരിച്ചെത്തിയ പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയെ സമീപിച്ച് വളരെ എളുപ്പത്തിൽ ജാമ്യം നേടുകയായിരുന്നു. ഇരയായ പതിമൂന്നുകാരിക്ക് അർഹമായ നീതി നിഷേധിക്കാൻ പോലീസും പ്രതിയും തമ്മിൽ ഒത്തുകളിച്ചെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം നടത്തണമെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ പോകണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
