ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന യോഗത്തിൽ തമിഴക വെട്രി കഴകവും (ടിവികെ) പങ്കെടുക്കും.
നാളെ ചെന്നൈയിൽ നടക്കുന്ന പൊതുയോഗത്തിന്റെ പോസ്റ്ററിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ടിവികെ അധ്യക്ഷൻ വിജയ്യുടെയും ചിത്രങ്ങൾ ഇടംപിടിച്ചു. ടിവികെ മന്ത്രി രാജ്മോഹനും പ്രാസംഗികരുടെ പട്ടികയിലുണ്ട്.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ടിവികെ ഇതുവരെ സ്വീകരിച്ച മൗനവും ഡൽഹിയിൽ നടന്ന സമരങ്ങളിൽ നിന്ന് വിട്ടുനിന്നതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിൽ പാർട്ടി പങ്കാളിയാകുന്നത്. തമിഴ്നാട്ടിൽ ടിവികെ സഖ്യത്തിന്റെ ഭാഗമല്ലാത്ത ഇടതുപാർട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ 140 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസന്ത് നഗറിലെ എലിയട്ട് ബീച്ചിൽ ഒത്തുകൂടിയ 40 യുവാക്കളെയും സെക്രട്ടേറിയറ്റിന് സമീപത്തുനിന്ന് എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകരായ 100 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നടക്കുന്ന ‘സിജെപി’ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു യുവാക്കളുടെ ഒത്തുചേരൽ.
പൊലീസ് നടപടിക്കെതിരെ ഡിഎംകെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ടിവികെ ബിജെപിയുടെ ശാഖയാണെന്ന് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും ഡമ്മി മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്നും മുൻഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും വിമർശിച്ചു.
ടിവികെയെ ലക്ഷ്യമിട്ടുള്ള ഡിഎംകെയുടെ ആരോപണങ്ങൾ ശക്തമായിരിക്കെയാണ് ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്കുള്ള പാർട്ടിയുടെ വരവ്. ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമായിരുന്ന സമയത്ത് വിജയ്യെ കാണാൻ രാഹുൽ ഗാന്ധി ചെന്നൈയിലെത്തിയതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പുതിയ രാഷ്ട്രീയ നീക്കത്തിലൂടെ ഇത്തരം വിമർശനങ്ങൾക്കുള്ള മറുപടി നൽകാനും ടിവികെയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
