മയാമി: ഫുട്ബോൾ മൈതാനത്ത് നേടാനുള്ളതെല്ലാം സ്വന്തമാക്കിയ താരം. എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ, ചാംപ്യൻസ് ലീഗ് കിരീടം, ലോകകപ്പ് നേട്ടം… ലയണൽ മെസ്സിയുടെ കരിയറിന് തിളക്കമേകുന്ന നേട്ടങ്ങൾ അനവധിയാണ്. എന്നാൽ, ജീവിതത്തിൽ തനിക്ക് ചെയ്യാമായിരുന്നിട്ടും ചെയ്യാതെ പോയ ഒരു കാര്യത്തെക്കുറിച്ചുള്ള നിരാശ തുറന്നുപറഞ്ഞിരിക്കുകയാണ് അർജന്റീനൻ സൂപ്പർതാരം.
ഇംഗ്ലിഷ് പഠിക്കാതിരുന്നതാണ് തന്റെ വലിയ ദുഖങ്ങളിലൊന്നെന്ന് മെസ്സി വെളിപ്പെടുത്തി.ഇംഗ്ലിഷ് ഭാഷ അറിയാമായിരുന്നെങ്കിൽ ജീവിതത്തിൽ കണ്ടുമുട്ടിയ നിരവധി പ്രമുഖരുമായി കൂടുതൽ അടുത്ത് സംസാരിക്കാൻ കഴിയുമായിരുന്നുവെന്നാണ് മെസ്സിയുടെ തുറന്നുപറച്ചിൽ. പഠിക്കാൻ അവസരവും സമയവുമുണ്ടായിരുന്നിട്ടും അത് ഉപയോഗപ്പെടുത്താത്തതിൽ ഇപ്പോൾ ഖേദിക്കുന്നതായും താരം പറഞ്ഞു. മെക്സിക്കൻ പോഡ്കാസ്റ്റായ ‘മിറോ ദി അട്രാസ്’ന് നൽകിയ അഭിമുഖത്തിലായിരുന്നു മെസ്സിയുടെ ഈ വെളിപ്പെടുത്തൽ.
“കുട്ടിക്കാലത്ത് ഇംഗ്ലിഷ് പഠിക്കാതിരുന്നതിൽ എനിക്ക് വലിയ വിഷമമുണ്ട്. അതിനായി സമയം കണ്ടെത്താൻ കഴിയുമായിരുന്നു. പക്ഷേ, ഞാനത് ചെയ്തില്ല. ജീവിതത്തിൽ കണ്ടുമുട്ടിയ പ്രധാനപ്പെട്ട ചില വ്യക്തികളുമായി സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഇംഗ്ലിഷ് അറിയാമായിരുന്നെങ്കിൽ അതിന് സാധിക്കുമായിരുന്നു. സമയം വെറുതെ പാഴാക്കിയല്ലോ എന്ന് ഇപ്പോൾ ചിന്തിക്കാറുണ്ട്” – മെസ്സി പറഞ്ഞു.
സ്വന്തം അനുഭവത്തിൽനിന്ന് പാഠമുൾക്കൊണ്ട് മക്കളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുകയാണ് ഇപ്പോൾ താരം. ചെറുപ്പത്തിൽ പഠനത്തിന്റെയും പുതിയ കാര്യങ്ങൾ സ്വായത്തമാക്കുന്നതിന്റെയും മൂല്യം പലപ്പോഴും തിരിച്ചറിയാൻ കഴിയില്ലെന്ന് മെസ്സി ചൂണ്ടിക്കാട്ടി. തനിക്ക് നഷ്ടമായ അവസരങ്ങൾ മക്കൾക്ക് നഷ്ടപ്പെടരുതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
“നല്ല വിദ്യാഭ്യാസം നേടേണ്ടതിന്റെയും പുതിയ കാര്യങ്ങൾ പഠിക്കേണ്ടതിന്റെയും പ്രാധാന്യം ചെറുപ്പത്തിൽ നമുക്ക് മനസ്സിലാകണമെന്നില്ല. അതുകൊണ്ടാണ് പഠനത്തിൽ ശ്രദ്ധിക്കാനും ഭാഷകൾ പഠിക്കാനും ഞാൻ മക്കളോട് പറയുന്നത്. എനിക്ക് ലഭിച്ച സാഹചര്യങ്ങളല്ല ഇന്ന് അവർക്കുള്ളത്. ലഭിക്കുന്ന അവസരങ്ങൾ അവർ പരമാവധി പ്രയോജനപ്പെടുത്തണം” – മെസ്സി പറഞ്ഞു.
ഫുട്ബോളിനുവേണ്ടി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവച്ച കൗമാരകാലത്തെക്കുറിച്ചും താരം മനസ്സുതുറന്നു. അർജന്റീനയിലെ അവസാന സ്കൂൾ വർഷം തനിക്ക് അത്ര നല്ല അനുഭവമായിരുന്നില്ലെന്നാണ് മെസ്സി പറഞ്ഞത്. ബാഴ്സലോണയിലേക്ക് പോകുമെന്ന് ഉറപ്പായതോടെ അവിടെയെത്തിയ മറ്റ് കുട്ടികൾക്കൊപ്പമാണ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്.
ഫുട്ബോൾ തന്റെ ജീവിതത്തെ രൂപപ്പെടുത്തിയതിൽ നിർണായക പങ്കുവഹിച്ചുവെന്നും മെസ്സി പറഞ്ഞു. കളിയിലൂടെ നേട്ടങ്ങൾ കൈവരിക്കാൻ മാത്രമല്ല, ജീവിതത്തിലെ മൂല്യങ്ങൾ തിരിച്ചറിയാനും പുതിയ നാടുകളും മനുഷ്യരെയും പരിചയപ്പെടാനും സാധിച്ചു. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സൗഹൃദങ്ങളും ബന്ധങ്ങളും ഫുട്ബോൾ സമ്മാനിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
കരിയറിൽ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയിട്ടും പഠനത്തിന്റെയും ഭാഷാപരിജ്ഞാനത്തിന്റെയും പ്രാധാന്യം ഓർമിപ്പിക്കുന്ന മെസ്സിയുടെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്…
