എറണാകുളം : കോട്ടയം കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായർ തട്ടിപ്പുകേസിൽ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കാക്കനാട് ഫ്രോസൺ ഫുഡ്സ് കയറ്റുമതി കമ്പനിയിൽ പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടിവരെ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ലതാ നായരും സംഘവും തട്ടിപ്പ് നടത്തിയത്. 37 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് ലതാ നായർ ഉൾപ്പെടെ നാലുപേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒളിവിലുള്ള ദിലീപ് കുമാറിനായി അന്വേഷണം ഊർജിതമാക്കി.
മലപ്പുറം പള്ളിക്കൽ സ്വദേശി സുനിൽകുമാർ (48), തമിഴ്നാട് തിരുനെൽവേലി സ്വദേശി അനിൽകുമാർ (55), തിരുവല്ല സ്വദേശി ലതാ നായർ (60), ചിറയിൻകീഴ് സ്വദേശി സിന്ധു ദിലീപ് കുമാർ (52) എന്നിവരാണ് അറസ്റ്റിലായത്. നിത്യചൈതന്യ സ്വാമി എന്ന പേരിലാണ് അനിൽ കുമാർ അറിയപ്പെടുന്നത്. കാക്കനാട് സെസിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം തിരുവനന്തപുരം സ്വദേശിയിൽനിന്ന് പണം കൈക്കലാക്കിയതെന്ന് പൊലീസ് പറഞ്ഞു.
സുനിൽകുമാറാണ് പരാതിക്കാരനെ സമീപിച്ച് നിക്ഷേപത്തിന് പ്രേരിപ്പിച്ചത്. തുടർന്ന് കാക്കനാട്ടും സമീപ പ്രദേശങ്ങളിലും നടത്തിയ ചർച്ചകൾക്കു പിന്നാലെ പലതവണകളായി 37 ലക്ഷം രൂപ വാങ്ങി. എന്നാൽ വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപത്തുകയോ തിരികെ ലഭിച്ചില്ല. പണം ആവശ്യപ്പെട്ട പരാതിക്കാരന് വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റ് (ഡി.ഡി.) നൽകി പ്രതികൾ കബളിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
സുനിൽകുമാർ തുക കമ്പനിയിൽ നിക്ഷേപിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതോ ടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. പരാതിക്കാരനെ ഇന്ദു മേനോൻ എന്ന പേരിൽ പരിചയപ്പെട്ട ലതാ നായർ കിളിരൂർ പെൺവാണിഭക്കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ഒളിവിലുള്ള ദിലീപ് കുമാറിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
