ലക്നൗ : ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള നിർദ്ദിഷ്ട ജേവർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പ്രധാനമന്ത്രി നൽകിയ അതുല്യമായ സംഭാവനകളെ മാനിച്ച് ആദരിക്കുന്നതിനാണ് വിമാനത്താ വളത്തിന് അദ്ദേഹത്തിന്റെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
വടക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അത്യാധുനിക അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നായാണ് ജേവർ വിമാനത്താവളം വിലയിരുത്തപ്പെടുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാതിരക്ക് കുറയ്ക്കാൻ ഈ പുതിയ പദ്ധതി ഏറെ സഹായകരമാകും.
വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിന്റെ പേരുമാറ്റത്തെ സ്വാഗതം ചെയ്ത് ഭരണകക്ഷിയായ ബിജെപിയുടെ നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ വികസന പദ്ധതികൾക്ക് ജീവിച്ചിരിക്കുന്ന നേതാക്കളുടെ പേരുകൾ നൽകുന്നതിനെ വിമർശിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. പ്രഖ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയിൽ വലിയ രീതിയിലുള്ള ചർച്ചകളും സംവാദങ്ങളും ആരംഭിച്ചിട്ടുണ്ട്.
