കുമളി : മേലുദ്യോഗസ്ഥൻ പൊരിവെയിലത്ത് ഏറെ നേരം നിർത്തിച്ചതിലുള്ള പ്രതിഷേധം വാട്സാപ്പിലൂടെ അറിയിച്ച വനംവകുപ്പ് ഡ്രൈവർക്കു സസ്പെൻഷൻ. സ്വന്തം വീട്ടുപറമ്പിൽ തണലിനായി ഒരു മരംപോലും വളർത്താത്ത ആളാണോ ഉന്നത വനപാലകൻ എന്ന തരത്തിൽ പ്രതികരിച്ച ശബ്ദസന്ദേശത്തിന്റെ പേരിലാണ് നടപടി.
കോട്ടയത്ത് ജോലി ചെയ്യുന്ന ഉന്നത വനപാലകൻ പെരിയാർ കടുവസങ്കേതത്തിലെ ഔദ്യോഗിക വാഹനം തിരുവനന്തപുരത്തെ സ്വകാര്യ വസതിയിലേക്ക് എത്തിക്കാൻ നിർദേശിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
വാഹനം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ ഡ്രൈവർക്ക് ഉദ്യോഗസ്ഥന്റെ വീട്ടിലെത്താൻ വൈകി. തുടർന്ന്, ഉദ്യോഗസ്ഥൻ ഡ്രൈവറെ പൊരിവെയിലത്ത് ഏകദേശം ഒന്നര മണിക്കൂറോളം നിർത്തിയെന്നാണ് ഡ്രൈവറുടെ ശബ്ദസന്ദേശത്തിലെ ആരോപണം. പിന്നീട് വനപാലകനെ സുരക്ഷിതമായി കോട്ടയത്ത് എത്തിച്ചശേഷം ഡ്രൈവർ തേക്കടിയിലേക്ക് മടങ്ങുകയായിരുന്നു.
തേക്കടിയിൽ തിരിച്ചെത്തിയതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന ഡ്രൈവർ വാട്സാപ്പിലൂടെ ഉന്നത ഉദ്യോഗസ്ഥനെതിരെ ശബ്ദസന്ദേശം അയച്ചെന്നാണ് ആരോപണം. സന്ദേശത്തിലെ പരാമർശങ്ങളാണ് പിന്നീട് നടപടിക്ക് കാരണമായത്.
സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടത്തിയ പരിശോധനകൾക്കും റിപ്പോർട്ടുകൾക്കും പിന്നാലെയാണ് ഡ്രൈവർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്നാണ് വിവരം.
