തിരുവനന്തപുരം : ജോലിക്കായി സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും ഉദ്യോഗാർഥികൾ. സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് പട്ടിക കാലാവധി അവസാനിക്കാൻ 55 ദിവസം മാത്രം ബാക്കിനിൽക്കെ സമരം ശക്തമാക്കിയത്. പതിനായിരത്തിലേറെ പേരാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട് ജോലിക്കായി കാത്തിരിക്കുന്നത്.
കാക്കി അണിഞ്ഞു നാടിന് കാവലാകാൻ കൊതിച്ചവരാണ് നടുറോഡിൽ സമരം ചെയ്യുന്നത്. 2019ലെ സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണിവർ. 13975 പേരുൾപെട്ട ലിസ്റ്റിൽ നിന്നും ഇതുവരെ നിയമനം ലഭിച്ചത് 3019 പേർക്ക് മാത്രം. ലിസ്റ്റിന്റെ കാലാവധി കഴിയാൻ ഇനി 55 ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഉടൻ നിയമനം നടന്നില്ലെങ്കില്‍ പതിനായിരത്തോളം വരുന്ന ചെറുപ്പക്കാരുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞു പോകുന്നത്
കോവിഡ് മൂലം പ്രതിസന്ധിയിലായ കാലത്തെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരാണ് സമരംചെയ്യുന്നത്. ആ പരിഗണനയും ലഭിച്ചില്ല. അതേസമയം പട്ടിക നിലനിൽക്കെ രണ്ടു പരീക്ഷയ്ക്ക് കൂടി അപേക്ഷ ക്ഷണിക്കുകയും ചെയ്തു. പോലീസിൽ ആൾ ക്ഷാമം രൂക്ഷമായിട്ടും നിയമന നടപടികൾ വേഗത്തിൽ ആക്കിയിട്ടുമില്ല. 55 ദിവസം കൂടി കഴിഞ്ഞാൽ ഇവരുടെ ഒരു ജീവിതകാലത്തെ സ്വപ്നങ്ങളാണ് ഇല്ലാതാകുന്നത്.
സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ; കാലാവധി അവസാനിക്കാൻ 55 ദിവസം മാത്രം
