പുൽപ്പള്ളി സംഘർഷം; വനം വകുപ്പ് വാഹനം ആക്രമിച്ചതിൽ രണ്ട് പേർ അറസ്റ്റിൽ

കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ചു വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷങ്ങളിൽ രണ്ട് പേർ അറസ്റ്റിൽ. കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കൽ, പുൽപ്പള്ളി സ്വദേശി വാസു എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ മറ്റ് ചിലരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു പൊലീസ് വ്യക്തമാക്കി.

വനം വകുപ്പിന്റെ വാഹനം ആക്രമിച്ച കേസിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പൊലീസ് തുടരുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിൽ കണ്ടാലറിയുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

നേരത്തെ അക്രമ സംഭവങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസിനെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്താൻ തീരുമാനമുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തി അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!