കോട്ടയം : ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും സൗജന്യമായി സഹായ ഉപകരണങ്ങൾ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയായ വയോശ്രീ , എ ഐ ഡി ഐ പി പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം രാജ്യസഭാ അംഗം ഡോ. പി.ടി ഉഷ എംപി പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിൽ നിർവഹിച്ചു .
ഭിന്നശേഷി എന്നത് നിങ്ങളെ ഒരിക്കലും ഒന്നിലും പിന്നിലാക്കില്ലന്നും, നിങ്ങളോടൊപ്പം ജീവിത യാത്രയിൽ എപ്പോഴും ഞങ്ങൾ ഉണ്ടെന്നും, മുന്നോട്ടുള്ള യാത്രയിൽ ഭിന്ന ശേഷി സഹോദരങ്ങ ളേയും വയോജനങ്ങളെയും ചേർത്തു നിർത്തുമെന്നും പിടി ഉഷ പറഞ്ഞു
വയോജനങ്ങൾക്കും ഭിന്നശേഷി സഹോദരങ്ങൾക്കും ഏറ്റവും അടുത്ത കാലയളവിനുള്ളിൽ തന്നെ ഉപകരണങ്ങൾ എത്തിക്കുവാനുള്ള നിർദ്ദേശം നൽകിയതായും എംപി സൂചിപ്പിച്ചു. വരും ദിനങ്ങളിൽ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ക്യാമ്പുകളിൽ കൂടി നമ്മൾ എഴുതുന്ന ചരിത്രം കൂട്ടായ്മയുടെയും സ്നേഹത്തിൻ്റെയും കൂടിയണെന്നും, ഇനിയും മുന്നോട്ട് ഒരു ഒളിമ്പ്യൻ, ഒരു പൊതുപ്രവർത്തക എന്ന നിലയിൽ എല്ലാം , നിങ്ങളുടെയും കൂടി പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും പിടി ഉഷ എംപി പറഞ്ഞു.
കേന്ദ്ര മന്ത്രി നാരായണസ്വാമിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വയനാട് ജില്ലകളിൽ 15 മുതൽ ക്യാമ്പുകൾ നടക്കുന്നത്. ഇന്ന് പള്ളിക്കത്തോട് നടന്ന ക്യാമ്പിൽ 140 പേര് രജിസ്റ്റർ ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 6 മണി വരെ നീണ്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് വയോജനങ്ങളും ഭിന്നശേഷിക്കാരും ആണ് പള്ളിക്കത്തോട് എത്തിയത്.
90% വൈകല്യം ബാധിച്ച രണ്ട് യുവതികൾക്ക് യന്ത്രവൽകൃത വീൽചെയറുകൾ നൽകുവാൻ തൻ്റെ എംപി ഫണ്ട് ഉപയോഗിക്കുമെന്ന് അവർ ഉറപ്പു നൽകി.
പി.ടി ഉഷയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പ് നാളെ ( 19.02.2023 ) പാലയിലും , മറ്റന്നാൾ (20.02.2023 ) കാഞ്ഞിരപ്പള്ളിയിലും നടക്കും. നാലുമാസംകൊണ്ട് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ഗുണഭോക്താക്കൾക്കും പിടി ഉഷ എംപി ഉപകരണങ്ങൾ നേരിട്ടെത്തി വിതരണം ചെയ്യും.
പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്
കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ,ബെവിൻ ജോൺ വർഗ്ഗീസ് (SAGY നോഡൽ ഓഫീസർ) , കൃഷ്ണ പ്രസാദ് എസ് (എൻ സി എസ് സി ഫോർ ഡി എ. മിനിസ്ട്രി ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ്), ഷോൺ ജോർജ് (ജില്ലാ പഞ്ചായത്ത് അംഗം) തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കാളികളായി.
ചടങ്ങിൽ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന് സമ്പൂർണ്ണ സുകന്യ സമൃദ്ധി ഗ്രാമപഞ്ചായത്തായി ബെവിൻ ജോൺ വർഗ്ഗീസ് സാഗി നോഡൽ ഓഫീസർ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ പദ്ധതി രേഖാ പ്രകാശനം ഡോ. എൻ ജയരാജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ വിപിനചന്ദ്രൻ സ്വാഗതവും , ക്ഷേമകാര്യ സ്റ്റാൻഡിങ് കൗൺസിലർ സനു ശങ്കർ നന്ദിയും പറഞ്ഞു.