ചെങ്ങന്നൂരിൽ ശിലാനാഗ വിളക്ക് ഇളക്കിയെടുത്ത് ചാലിൽ തള്ളി; നഗരസഭാ മുൻ ചെയർമാൻ ഉൾപ്പെടെ 3പേർ അറസ്റ്റിൽ

ചെങ്ങന്നൂർ : ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം കവാടത്തോട് ചേർന്നുണ്ടായിരുന്ന ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ നഗരസഭാ മുൻ ചെയർമാൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.

ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാനും നിലവിലെ കൗൺസിലറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാനുമായ ചെങ്ങന്നൂർ തിട്ടമേൽ കണ്ണാട്ട് വീട്ടിൽ രാജൻ കണ്ണാട്ട് എന്നുവിളിക്കുന്ന തോമസ് വർഗീസ് (66), തിട്ടമേൽ കൊച്ചുകുന്നുംപുറത്ത് രാജേഷ് എന്നു വിളിക്കുന്ന ശെൽവൻ (54), പാണ്ടനാട് കീഴ്വന്മഴി കളക്കണ്ടത്തിൽ കുഞ്ഞുമോൻ (49) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. റെയിൽവേ സ്റ്റേഷൻ റോഡിലെ പുരയിടത്തിലേക്കു കൂടുതൽ വഴി സൗകര്യം ഉണ്ടാക്കാനായാണ് ശിലാനാഗവിളക്ക് വെള്ളിയാഴ്ച രാത്രി രഹസ്യമായി നീക്കം ചെയ്‌തത്‌. രാജൻ കണ്ണാട്ട് പറഞ്ഞതനുസരിച്ചാണ് ശെൽവനും കുഞ്ഞുമോനും ഇതുചെയ്‌തത്. ക്ഷേത്ര ഭരണ സമിതി സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി എം പി മോഹന ചന്ദ്രൻ്റെ നിർദേശപ്രകാരം രാത്രി തന്നെ പ്രതികളെ പിടികൂടുകയും നാഗവിളക്ക് കണ്ടെത്തുകയും ചെയ്തു.

തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി രാത്രി തന്നെ നാഗവിളക്ക് ക്ഷേത്ര ഭരണ സമിതിക്കു വിട്ടുകൊടുത്തു. ശനിയാഴ്ച്‌ച പുലർച്ചെയോടെ യഥാസ്ഥാനത്ത് പുന:സ്ഥാപിക്കുകയും ചെയ്തു. പ്രതികൾക്കെതിരേ മതസ്‌പർധയുണ്ടാകത്തക്ക വിധം ആരാധനാലയങ്ങൾക്കു നേരേയുള്ള കൈയേറ്റങ്ങൾ തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 298 വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌. സംഭവത്തിൽ ദേവസ്ഥാനം ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!