ടി.വി.കെ നേതാവിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി ‘വിജയ്’ സ്റ്റൈലിൽ മറുപടി; ‘ലേഡി സിങ്കം’ ഇഷാ സിംഗ് ഐ.പി.എസിന് സമൂഹ മാധ്യമങ്ങളിൽ കയ്യടി

പുതുച്ചേരി: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) പുതുച്ചേരി റാലിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് ഇപ്പോൾ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുന്നത്. അനുവദനീയമായതിലും അധികം ആളുകളെത്തിയ റാലിയിൽ, വേദിയിലെത്തി ടി.വി.കെ. ജനറൽ സെക്രട്ടറി ബസ്സി ആനന്ദിന്റെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി പ്രതികരിച്ച പുതുച്ചേരി എസ്.പി. ഇഷാ സിംഗ് ഐ.പി.എസ്. ആണ് സമൂഹമാധ്യമങ്ങളിൽ ‘ലേഡി സിങ്കം’ എന്ന പേരിൽ വൈറലായിരിക്കുന്നത്.

ചൊവ്വാഴ്ച പുതുച്ചേരിയിലെ ഉപ്പളം പോർട്ട് ഗ്രൗണ്ടിലായിരുന്നു ടി.വി.കെ.യുടെ റാലി. റാലിക്കായി 5000 പേർക്ക് മാത്രമായിരുന്നു പോലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതിലും അധികം പ്രവർത്തകർ തടിച്ചുകൂടിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ താളം തെറ്റി. റാലിയുടെ ചുമതല വഹിച്ചിരുന്ന എസ്.പി. ഇഷാ സിംഗ് ഈ സമയം വേദിയിലേക്ക് പാഞ്ഞെത്തി. മൈക്കിലൂടെ സംസാരിച്ചുകൊണ്ടിരുന്ന ബസ്സി ആനന്ദിൽ നിന്ന് മൈക്ക് കൈക്കലാക്കിയ ശേഷം അവർ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു, ‘നിരവധി ആളുകളുടെ രക്തം ഒഴുകി, 40 ആളുകൾ മരിച്ചു. നിങ്ങളെന്താണ് ചെയ്യുന്നത്?’

സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ക്ലിപ്പ് വളരെ വേഗമാണ് വൈറലായത്. കഴിഞ്ഞ സെപ്റ്റംബറിൽ കരൂരിൽ നടന്ന ടി.വി.കെ.യുടെ മെഗാ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദാരുണമായ സംഭവം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥ റാലി സംഘടിപ്പിച്ചവരെ പൊതുജനമധ്യത്തിൽ വെച്ച് ശാസിച്ചത്. ഈ റാലിക്ക് അനുമതി നൽകുന്നതിലെ അപകടസാധ്യതയെക്കുറിച്ച് ഒരാഴ്ച മുൻപ് തന്നെ ഇഷാ സിംഗ് തന്റെ മേലുദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

2021 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇഷാ സിംഗ്. നിയമത്തിലും നീതിയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന കുടുംബ പശ്ചാത്തലമാണ് ഇഷാ സിംഗിനുള്ളത്. അഴിമതി തുറന്നു കാട്ടിയതിനെ തുടർന്ന് സ്ഥലം മാറ്റങ്ങൾ ലഭിച്ചതിനെ തുടർന്ന് ഐപിഎസ് പദവി രാജിവെച്ച 1985 ബാച്ച് ഉദ്യോഗസ്ഥനായ യോഗേഷ് പ്രതാപ് സിംഗ് ആണ് ഇഷയുടെ പിതാവ്. സൽമാൻ ഖാൻ ഉൾപ്പെട്ട ഹിറ്റ് ആൻഡ് റൺ കേസിൽ ഉൾപ്പെടെ പൊതുതാൽപര്യ കേസുകൾ ഏറ്റെടുത്ത് ശ്രദ്ധേയയായ അഭിഭാഷകയാണ് ഇഷയുടെ അമ്മ ആഭ സിംഗ്.

ബംഗളൂരു നാഷണൽ ലോ സ്കൂളിൽ നിന്ന് നിയമബിരുദം നേടിയ ഇഷാ സിംഗ്, കോർപ്പറേറ്റ് ജോലി അവസരങ്ങൾ വേണ്ടെന്ന് വെച്ചാണ് മനുഷ്യാവകാശ കേസുകളിലും പൊതുതാൽപര്യ ഹർജികളിലും ശ്രദ്ധ കേന്ദ്രീകരിച്ചത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരിച്ച മൂന്ന് തൊഴിലാളികളുടെ വിധവകൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നേടി നൽകിയത് ഇഷയുടെ കരിയറിലെ ശ്രദ്ധേയമായ നേട്ടമാണ്.

നിയമത്തിന്റെ വഴിയിൽ വ്യക്തിഗത പോരാട്ടങ്ങളിൽ വിജയിക്കാൻ കഴിഞ്ഞെങ്കിലും, സംവിധാനത്തിനുള്ളിൽ നിന്ന് മാത്രമേ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ എന്ന് മനസ്സിലാക്കിയാണ് ഇഷാ സിംഗ് സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. രണ്ടാം ശ്രമത്തിൽ 133-ാം റാങ്ക് നേടി ഐ.പി.എസ്. തിരഞ്ഞെടുക്കുകയായിരുന്നു. “സർക്കാരാണ് ഏറ്റവും നല്ല എൻജിഒ. ഓരോ പൗരനും ഒരു ആക്ടിവിസ്റ്റ് ആയിരിക്കണം,” എന്നതായിരുന്നു അധികാരത്തെക്കുറിച്ചുള്ള ഇഷയുടെ കാഴ്ചപ്പാട്.

പുതുച്ചേരിയിൽ ഒരു വൈറൽ ക്ലിപ്പിലൂടെ മാത്രമല്ല ഇഷാ സിംഗ് ജനശ്രദ്ധ നേടുന്നത്. അർദ്ധരാത്രിയിൽ പോലും തെരുവിലിറങ്ങി ഓട്ടോ ഡ്രൈവർമാരോടും വിദ്യാർത്ഥികളോടും സംസാരിച്ച് സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്ന ഉദ്യോഗസ്ഥനാണ് ഇഷാ സിംഗ്. കുട്ടികളുടെ സുരക്ഷ, മയക്കുമരുന്ന് ഉപയോഗം, സ്ത്രീകളുടെ അവകാശങ്ങൾ, റോഡ് സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർ നിരന്തരമായി ബോധവൽക്കരണം നടത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!