‘അതേ ആര്‍ മോഹന്‍ തന്നെ; ലാവ്‌ലിനില്‍ ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍’

.കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്ത്.

2008ല്‍ ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തില്‍ പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ ആര്‍ മോഹന്‍ എന്ന ഉദ്യോഗസ്ഥന്‍ നിലവില്‍ അദ്ദേഹത്തിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ അംഗമാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

വര്‍ഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ അംഗമാണെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്.

ആര്‍ മോഹന് മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ ഇടം ലഭിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയ്ക്കാണെന്ന് ഷോണ്‍ പറഞ്ഞു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനു പരാതി നല്‍കുമെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിലെ അംഗങ്ങളുടെ പേര് ഉള്‍പ്പെടുന്ന ലിസ്റ്റുമായിട്ടായിരുന്നു ഷോണ്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. ലാവ്ലിന്‍ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച ക്ലീന്‍ ചിറ്റിന്റെ രേഖയും ഷോണ്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ പട്ടികയിലെ നാലാം പേരുകാരനായ ആര്‍ മോഹന്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഖ്യമന്ത്രിക്കു ക്ലീന്‍ ചിറ്റ് നല്‍കിയ അതേ ആര്‍ മോഹനാണെന്നാണ് ഷോണിന്റെ ആരോപണം.

തികച്ചും അവിചാരിതമായാണ് ആര്‍ മോഹന്റെ പേര് ശ്രദ്ധയില്‍പ്പെട്ടത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സൂചിപ്പിച്ചപ്പോഴാണ് ഇതേക്കുറിച്ച് അന്വേഷിച്ചതെന്നും ഷോണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!