ലോണെടുത്ത് വീടുപണിതു, ഞായറാഴ്ച ഗൃഹപ്രവേശം; പിറ്റേന്ന് തകര്‍ന്നു തരിപ്പണം, അന്തിയുറങ്ങാന്‍ പോലുമാകാത്ത നിരാശയില്‍ ദമ്പതികള്‍


കൊച്ചി : തൃപ്പൂണിത്തുറയില്‍ വെടിമരുന്നിന് തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ തകര്‍ന്ന വീടുകളില്‍ ഒന്നിന്റെ ഗൃഹപ്രവേശനം നടന്നത് ഞായറാഴ്ച. ചൂരക്കാട് വൈഎംഎ റോഡിലെ ശ്രീവിലാസില്‍ ശ്രീനാഥിന്റെ വീടാണ് ഗൃഹപ്രവേശനത്തിന് തൊട്ടടുത്ത ദിവസം തന്നെ തകര്‍ന്നത്. സ്‌ഫോടനമുണ്ടായ പടക്കശാലയ്ക്ക് സമീപത്തായിരുന്നു വീട്.

ഒന്ന് അന്തിയുറങ്ങാന്‍ പോലും പറ്റാത്ത വിധത്തില്‍ പൊട്ടിത്തെറിയില്‍ വീടിന് നാശനഷ്ടമുണ്ടായി. വീടിന്റെ അകത്തും പുറത്തുമെല്ലാം ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറിക്കിടക്കുകയാണ്. ബാല്‍ക്കണിയിലെ വാതിലിന്റെ പൂട്ട് തകര്‍ന്നു. ബാല്‍ക്കണിയിലെ ഗ്ലാസും പൊട്ടിത്തകര്‍ന്നു. വീടാകെ പൊട്ടിയ ജനല്‍ച്ചില്ലുകളാണ്.

വീടിന്റെ കട്ടിലയുടെ ഒരു ഭാഗം ഉള്‍പ്പെടെ അടര്‍ന്നു വീണു. മുപ്പതിലേറെ ജനലുകള്‍ തകര്‍ന്നു. നാലു ബാത്‌റൂമുകള്‍ വാതിലുകള്‍ അടയ്ക്കാന്‍ പറ്റാത്ത വിധം നാശമായതായും ശ്രീനാഥ് പറഞ്ഞു. പഴയ വീടിരുന്ന സ്ഥലത്ത് അതു പൊളിച്ചാണ് പുതിയ വീടു വെച്ചത്. ഇതിനു സമീപം വാടക വീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്.

ഞായറാഴ്ചയാണ് ഗൃഹപ്രവേശം നടന്നത്. ഫെബ്രുവരി 15 ഓടെ പുതിയ വീട്ടിലേക്ക് താമസം മാറ്റാനാണ് തീരുമാനിച്ചിരുന്നത്. വീടു തകര്‍ന്നതോടെ വീണ്ടും വാടക വീടിനെ ആശ്രയിക്കേണ്ട അവസ്ഥയായി. ലോണ്‍ എടുത്താണ് വീടു പണി നടത്തിയത്. ചില ജോലികള്‍ ഇനിയും പൂര്‍ത്തിയായിരുന്നില്ല. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ ശ്രീനാഥ് പറഞ്ഞു.

പൊട്ടിത്തെറിയുണ്ടാകുമ്പോള്‍ വീട്ടില്‍ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും ശ്രീനാഥിന്റെ പിതാവ് മുരളീധരനുമുണ്ടായിരുന്നു. ഗൃഹപ്രവേശനം നടന്ന ദിവസം പൊട്ടിത്തെറിയുണ്ടാകാതിരുന്നത് ഭാഗ്യമാണെന്നും, അല്ലെങ്കില്‍ വളരെയേറെ പേര്‍ക്ക് പരിക്കേറ്റേനെയേന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ടിനായി ശേഖരിച്ച വെടുമരുന്നാണ് പൊട്ടിത്തെരിച്ചത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!