മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള, ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന ദൗത്യം ഇന്ന് പുനരാരംഭിക്കും. കാട്ടാനയുടെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കുന്നത് അനുസരിച്ച് ദൗത്യം ആരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. ആന ഏതു സ്ഥലത്ത് തമ്പടിക്കുന്നു എന്നു നോക്കി ട്രാക്കിങ് വിദഗ്ധര്‍ ആദ്യമിറങ്ങും.
അനുയോജ്യമായ സാഹചര്യത്തില്‍ ആനയെ ട്രാക്ക് ചെയ്യാനായാല്‍ മയക്കുവെടി വെക്കാനായി വെറ്ററിനറി സംഘം സ്ഥലത്തെത്തും. അതിവേഗത്തിലാണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിന് വെല്ലുവിളിയാണ്. രാവിലെ തന്നെ ആനയെ ട്രാക്ക് ചെയ്യാനായാല്‍ എളുപ്പം ദൗത്യം പൂര്‍ത്തികരിക്കാ നാകുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
മണ്ണാര്‍ക്കാട്, നിലമ്പൂര്‍ ആര്‍ആര്‍ടി കൂടി ദൗത്യത്തിന്റെ ഭാഗമാകുന്നുണ്ട്. ആനയെ പിടികൂടുന്നതിനായി നാലു കുങ്കിയാനകളെയും സ്ഥലത്തെത്തി ച്ചിരുന്നു. മയക്കുവെടി വെച്ച ആനയെ മുത്തങ്ങ ക്യാമ്പിലെത്തിക്കാനാണ് തീരുമാനം. ആനയുടെ ആരോഗ്യസ്ഥിതി അടക്കം പരിശോധിച്ച ശേഷമാകും കാട്ടില്‍ തുറന്നു വിടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.
ഇന്നലെ ആനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ദൗത്യസംഘം ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. വൈകീട്ടോടെ ആന കര്‍ണാടക കാട്ടിനുള്ളിലേക്ക് കയറിയതോടെ സിഗ്നല്‍ ലഭിക്കാതായി. ഇതോടെ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ച് ദൗത്യസംഘം മടങ്ങുകയായിരുന്നു. ആളെക്കൊല്ലി മോഴയാനയുടെ സാന്നിധ്യം ഉള്ളതിനാല്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് തിരുനെല്ലി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.