ചീഫ് നഴ്സിങ് ഓഫീസറുടെയും സൂപ്പർവൈസറുടെയും കടുത്ത മാനസിക പീഡനം… തൊടുപുഴ സ്മിത ആശുപത്രിയിൽ നഴ്സ് ജോലിക്കിടെ ജീവനൊടുക്കാൻ ശ്രമിച്ചു

തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് ഡ്യൂട്ടിക്കിടെ ജീവനൊടുക്കാൻ ശ്രമിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സ്മിത ആശുപത്രി യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് യുവതി ഇത്തരമൊരു കടുംകൈയ്ക്ക് മുതിർന്നതെന്നാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്. ഗുരുതരാവസ്ഥയിലായ യുവതിയെ നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആശുപത്രിയിലെ ചീഫ് നഴ്സിങ് ഓഫീസർ, സൂപ്പർവൈസർ എന്നിവർ ചേർന്ന് യുവതിയെ തുടർച്ചയായി മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇവർക്കെതിരെ മുൻപും ഗുരുതരമായ പരാതികൾ ഉയർന്നിട്ടുള്ളതായി ആശുപത്രിയിലെ മറ്റ് ജീവനക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്.

ആശുപത്രിയിലെ മേലധികാരികളുടെ പീഡനം കാരണം മുൻപും പല നഴ്സുമാർക്കും ഇവിടെനിന്നും ജോലി നിർത്തിപ്പോകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ ശമ്പളം കൃത്യമായി നൽകാത്തതുമായി ബന്ധപ്പെട്ടും, അമിതമായ ജോലി സമയം സംബന്ധിച്ചും വലിയ തോതിലുള്ള പ്രശ്നങ്ങൾ ജീവനക്കാർ നേരിടുന്നുണ്ട്.

നഴ്സ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം വിവാദമായതോടെ ഒടുവിൽ ആശുപത്രി മാനേജ്മെന്റ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ജീവനക്കാരുയർത്തിയ പരാതികളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. എന്നാൽ കുറ്റക്കാരായ ജീവനക്കാർക്ക് എതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ് നഴ്സിങ് സംഘടനകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!